എന്നത്തേയും പോലെ സൂര്യനെപ്പോലും വിളിച്ചുണർത്താനായി ഉറക്കച്ചടവോടുകൂടി അവൾ എഴുന്നേറ്റിരുന്നു. അയാൾ അപ്പോഴും ഉറക്കത്തിന്റെ പിടിയിൽ അമർന്നിരുന്നു. എന്നും ഓഫിസിലെ വിശ്രമമില്ലാത്ത ജോലി അയാളുടെ പ്രായം വർധിപ്പിച്ചതായി അവൾക്ക് തോന്നി. തലമുടി നര വീണു തുടങ്ങിയിരുന്നു. താടിയിൽ അവിടവിടെ നരച്ച കുറ്റിരോമങ്ങൾ അയാളെ വേറാരോ ആക്കിമാറ്റിയത് അവളെ അത്ഭുതപ്പെടുത്തി. അച്ഛനെയും അമ്മയെയും വിട്ട് അയാളുടെ കൈയും പിടിച്ച് ആ പടിയിറങ്ങിയത് ഇന്നും ഇന്നലെ നടന്നതായി ഓർമകളെ മുറിവേൽപ്പിക്കുന്നു. ആരതിയും എതിരേൽപ്പുമില്ലാതെ അടുക്കളയിലേക്ക് അവൾ നടന്നുനീങ്ങി. ഭർത്താവിനും മക്കൾക്കും അവൾ ചൂട് ആവി പറക്കുന്ന ചായ കപ്പിലേക്ക് പകർന്നു. ബാലുവും അമ്മുവും അപ്പോഴും ഉറക്കമാണ്.
അവൾ കർട്ടൻ വശങ്ങളിലേക്ക് മാറ്റിയിട്ടു. മഞ്ഞവെളിച്ചം അവളുടെ മുടിനാരിഴകളെ അരിച്ചിറങ്ങി ആ മുറി മുഴുവനും പടർന്നു. കുട്ടികളെ വിളിച്ചുണർത്തി ചായ നൽകി അവൾ വീണ്ടും അടുക്കളയിലേക്ക് തിരിഞ്ഞു. അപ്പോഴേക്കും അവളുടെ കണ്ണേട്ടൻ ഒഴിഞ്ഞ ചായക്കപ്പുമായി അടുക്കളയിലേക്കെത്തി. അടുപ്പിൽനിന്ന് വമിക്കുന്ന പുകച്ചുരുൾ പോലെ അയാളുടെ മുഖം അവ്യക്തമായിരുന്നു. “എന്താ ഭാമേ ഇത്? നിനക്കിവിടെ എന്താ പ്രത്യേകിച്ച് പണി? അമ്മ വരുന്ന് അറീല്ലേ, മുറി ഒന്നും വൃത്തിയാക്കീട്ടില്ല. വെറുതെ ഇങ്ങനെ തിന്നും ഉറങ്ങീം ഇര്ന്നാ മടി പിടിയ്ക്കേന്നെ ചെയ്യും. നിക്കുന്ന കണ്ടില്ലേ. ”
എന്തു പറയണമെന്നറിയാതെ അവളുടെ നാവ് കുഴഞ്ഞു. കാലംതെറ്റിയെത്തിയ മാസമുറ അവളെ കാർന്നുതിന്നുകയായിരുന്നു. താൻ വെറുതെ ഇരിക്കുകയായിരുന്നോ? മറുപടികൾ അവളുടെ കണ്ണുകളിൽകൂടി ഉരുകിയൊലിച്ചുപോയി. തനിക്ക് എന്തൊക്കെ സ്വപ്നങ്ങളായിരുന്നു. പഠനം, ജോലി, നിറപ്പകിട്ടാർന്ന ജീവിതം. സ്വപ്നങ്ങൾക്കൊക്കെ കൂട്ട് അച്ഛനും അമ്മയും ആയിരുന്നു. തനിക്ക് ഇരുപത് വയസ്സ് കഴിഞ്ഞിട്ടും എന്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ അവർ മത്സരമായിരുന്നു.
എന്നിട്ട് ഒരു ദിവസം അവരെ കണ്ണീരിലാഴ്ത്തി മറ്റൊരാളുടെ കൈപിടിച്ച് താൻ ഇറങ്ങിപോന്നതല്ലേ. അവൾക്ക് ഹൃദയത്തിനുമേലേ എന്തോ ഭാരം കയറ്റിവെച്ചതുപോലെ അനുഭവപ്പെട്ടു. ആ വേദന ഉള്ളിലേക്ക് കാർന്നിറങ്ങുന്നതുപോലെ. രക്തം വാർന്നുപോകുന്നുണ്ടോ? വല്ലാണ്ട് വേദനിക്കുന്നു. അവൾ സ്വയം പരിഭവപ്പെട്ടു. ദൂരെനിന്ന് അവരെ ഇപ്പോഴും കാണാറുണ്ട്. എന്നാൽ, സ്നേഹത്തോടുകൂടി ഒന്നു തൊടാൻ കഴിയുന്നില്ലല്ലോ, എല്ലാം മറന്ന് അമ്മയുടെ മടിയിൽ തലചായ്ക്കുവാനും അച്ഛന്റെ തോളിൽ സുരക്ഷിതത്വത്തോടുകൂടി ചായാനും അവളുടെ മനസ്സ് കൊതിച്ചു. പ്രണയത്തിന്റെ പൂർണതയുള്ള പരക്കം പാച്ചിലിൽ എല്ലാം ഉപേക്ഷിച്ച് സ്നേഹിച്ചയാളെ സ്വന്തമാക്കി. ഇന്ന് രണ്ട് കുട്ടികളുടെ അമ്മ. അവരുടെ അഭിപ്രായത്തിൽ ഈ അമ്മ ഒരറിവും ഇല്ലാത്ത, അടുക്കളക്ക് വെറും അലങ്കാരം. കുട്ടികളുടെ പോലും ആജ്ഞക്കും ഉപദേശങ്ങൾക്കും പാത്രമായി ഭർത്താവിന്റെ വീട്ടുകാരുടെ ശകാരങ്ങൾക്കും കുത്തുവാക്കുകൾക്കും ഇരയായി,
പണത്തിന്റെയും മറ്റും നിറപ്പകിട്ടോടുകൂടി നിൽക്കുന്ന സ്ത്രീകൾക്ക് മുന്നിൽ പരിഹസിക്കപ്പെടാനും അവരുടെ മക്കൾക്ക് ഒരു പ്രദർശനവസ്തു ആകാനുമായിരുന്നോ സ്വപ്നങ്ങളും സ്നേഹവും കരുതലുംകൊണ്ട് കൂടുപണിത് അച്ഛനും അമ്മയും തനിക്ക് നിറങ്ങളുള്ള ലോകം കാണിച്ചുതന്നു വളർത്തിയത്.
കുക്കറിൽനിന്ന് നുരഞ്ഞുപൊന്തിയ വിസിൽ അവളെ ചിന്തയിൽനിന്ന് ഉണർത്തി. നിറപ്പകിട്ടാർന്ന ഓർമകളിൽനിന്നും മങ്ങിയ പുകയും കരിയും നിറഞ്ഞ ആ നാലു ചുമരുകൾക്കുള്ളിൽ അവൾ കൊഴിഞ്ഞുവീണു. തിരക്കിട്ട് അവൾ പണിതുടങ്ങി.
പുതുജീവിതങ്ങളെ തൂലികയിലൂടെ നിർമിക്കാൻ ആശിച്ച അവൾ, കത്തികൊണ്ട് ഉച്ചത്തേക്കുള്ള കറികളുടെ നിർമാണം ആരംഭിച്ചു. കൺകോണിലൂടെ ഒഴുകിവന്ന കണ്ണുനീർ അവളുടെ സാരിത്തുമ്പിൽ മറ്റൊരു കറയായി അവശേഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.