ബഹ്‌റൈന് കടുത്ത കാലാവസ്ഥ ഭീഷണി..!

മനാമ: ബഹ്‌റൈൻ ഉൾപ്പെടെയുള്ള താഴ്ന്ന ദ്വീപ് രാജ്യങ്ങൾ നേരിടുന്ന കടുത്ത കാലാവസ്ഥാ വെല്ലുവിളികളെക്കുറിച്ചുള്ള റിപ്പോർട്ടുമായി ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പ്രോഗ്രാം (യു.എൻ.ഇ.പി). നിലവിലെ ആഗോള കാലാവസ്ഥാ നയങ്ങൾ തുടർന്നാൽ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകത്ത് ശരാശരി താപനില 2.8 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നാണ് യു.എൻ.ഇ.പി മുന്നറിയിപ്പ് നൽകുന്നത്.

ഒക്ടോബർ 21-ന് പുറത്തുവിട്ട 'എമിഷൻസ് ഗ്യാപ് റിപ്പോർട്ട് 2026: ദി പോയിന്റ് ഓഫ് റിട്ടേൺ' എന്ന റിപ്പോർട്ടിലാണ് ആഗോള താപനവർധനവ് മൂലം ബഹ്‌റൈൻ ഉൾപ്പെടെയുള്ള താഴ്ന്ന ദ്വീപ് രാജ്യങ്ങൾ നേരിടുന്ന കടുത്ത കാലാവസ്ഥാ വെല്ലുവിളികളെക്കുറിച്ച് പരാമർശിക്കുന്നത്.

ആഗോള താപനവർധനവ് 1.5 ഡിഗ്രി സെൽഷ്യസിലേക്ക് പരിമിതപ്പെടുത്തണമെന്ന അന്താരാഷ്ട്ര ധാരണ മറികടക്കുന്ന ഘട്ടത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. രാജ്യങ്ങൾ നിലവിൽ നൽകിയ കാലാവസ്ഥാ വാഗ്ദാനങ്ങൾ പൂർണ്ണമായി പാലിച്ചാൽ പോലും താപനില 2.6 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം.

അറേബ്യൻ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ബഹ്‌റൈനെ സംബന്ധിച്ചിടത്തോളം ഈ താപനില വർധനവ് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. കടുത്ത ചൂടും ഉയർന്ന ഹ്യുമിഡിറ്റിയും അനുഭവപ്പെടുന്ന ബഹ്‌റൈനിൽ താപനില ഇനിയും ഉയർന്നാൽ കൂളിംഗ് സംവിധാനങ്ങൾക്കായി വൈദ്യുതി ഉപഭോഗം കുത്തനെ കൂടും. കടുത്ത വേനലിൽ നിർമ്മാണ മേഖലയിലും പുറത്തും ജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും ഇത് വലിയ വെല്ലുവിളിയാകും. കൂടാതെ, കുടിവെള്ള സ്രോതസ്സുകളിലും പ്രതിസന്ധി നേരിടും.

ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന സമിതിക്ക് ബഹ്‌റൈൻ സമർപ്പിച്ച ആദ്യ ‘ബൈനീയൽ ട്രാൻസ്പരൻസി റിപ്പോർട്ടിൽ’ ഉയർന്ന താപനില, മഴയുടെ പാറ്റേണിലെ മാറ്റങ്ങൾ, കടൽനിരപ്പ് ഉയരുന്നത് എന്നിവയാണ് പ്രധാന കാലാവസ്ഥാ ഭീഷണികളായി ചൂണ്ടിക്കാണിച്ചിട്ടുള്ളത്.

സമുദ്രനിരപ്പ് ഉയരുന്നത് തീരദേശ റോഡുകൾ, കെട്ടിടങ്ങൾ, വ്യാവസായിക മേഖലകൾ എന്നിവയിൽ വെള്ളപ്പൊക്കത്തിനും തീരശോഷണത്തിനും കാരണമായേക്കാം. കൂടാതെ, പ്രദേശത്തെ പവിഴപ്പുറ്റുകൾ, കടൽപ്പുല്ലുകൾ, കണ്ടൽക്കാടുകൾ എന്നിവയുൾപ്പെടെയുള്ള സമുദ്ര ആവാസവ്യവസ്ഥയെയും ഇത് സാരമായി ബാധിക്കും.

എന്നാൽ, നിർണായകവും അടിയന്തരവുമായ നടപടികളിലൂടെ ആഗോള താപനം കുറയ്ക്കാൻ ഇപ്പോഴും സാധിക്കുമെന്ന് യു.എൻ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിനായി 2025-ലെ നിരക്കിൽ നിന്ന് ആഗോള ഹരിതഗൃഹ വാതകം പുറംതള്ളൽ 2030-ഓടെ 18 ശതമാനവും, 2035-ഓടെ 45 ശതമാനവും, 2040-ഓടെ 69 ശതമാനവും കുറയ്ക്കേണ്ടതുണ്ട്.

ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് കുറയ്ക്കുന്നതിനൊപ്പം പുനരുപയോഗ ഊർജ്ജ സംവിധാനങ്ങൾ വ്യാപിപ്പിക്കുക, ഊർജ്ജ ഉപഭോഗ കാര്യക്ഷമത വർധിപ്പിക്കുക, തീരദേശ സംരക്ഷണം ശക്തമാക്കുക, അടിസ്ഥാന സൗകര്യങ്ങൾ കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കും വിധം പുനഃക്രമീകരിക്കുക തുടങ്ങിയ അടിയന്തര പ്രതിരോധ നടപടികളിലൂടെ വെല്ലുവിളികളെ നേരിടാനാണ് ബഹ്‌റൈൻ ലക്ഷ്യമിടുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.