ഗൾഫ് ഐക്യം തകർക്കാൻ അനുവദിക്കില്ല: കർശന മാധ്യമ നിരീക്ഷണത്തിനും നിയമനടപടിക്കും തീരുമാനം
മനാമ: ഗൾഫ് രാജ്യങ്ങളുടെ ഐക്യവും പരമാധികാരവും തകർക്കാനുള്ള ഏതുവിധ ശ്രമങ്ങളെയും ഒറ്റക്കെട്ടായി ചെറുക്കുമെന്ന് ജി.സി.സി ഇൻഫർമേഷൻ മന്ത്രിമാർ പ്രഖ്യാപിച്ചു. മാധ്യമങ്ങളിലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും കർശന നിരീക്ഷണം ഏർപ്പെടുത്താനും വ്യാജവാർത്തകളും അധിക്ഷേപകരമായ ഉള്ളടക്കങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനും മന്ത്രിതല യോഗം തീരുമാനിച്ചു.
ബഹ്റൈൻ ഇൻഫർമേഷൻ മന്ത്രി ഡോ. റംസാ ൻ അൽ നുഐമിയുടെ അധ്യക്ഷതയിൽ മനാമയിൽ നടന്ന 29-ാമത് ജി.സി.സി ഇൻഫർമേഷൻ മന്ത്രിമാരുടെ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്. യോഗത്തിൽ ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവിയും വിവിധ അംഗരാജ്യങ്ങളിലെ വാർത്താവിനിമയ മന്ത്രിമാരും പങ്കെടുത്തു.
ജി.സി.സി രാജ്യങ്ങളെയോ അവിടുത്തെ ഭരണാധികാരികളെയോ ജനങ്ങളെയോ അധിക്ഷേപിക്കുന്ന വിധത്തിലുള്ള നീക്കങ്ങളെ യോഗം പൂർണ്ണമായും തള്ളിക്കളഞ്ഞു. ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും മാധ്യമങ്ങളിലും ഉണ്ടാകുന്ന നിയമലംഘനങ്ങൾ കൃത്യമായി നിരീക്ഷിക്കാനും രേഖപ്പെടുത്താനും മന്ത്രിമാർ ആവശ്യപ്പെട്ടു. ഓരോ അംഗരാജ്യത്തിലെയും ദേശീയ നിയമങ്ങളും ജി.സി.സി അംഗീകൃത ചട്ടങ്ങളും അനുസരിച്ച് കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കും.
അതോടൊപ്പം, മാധ്യമസ്ഥാപനങ്ങളും മാധ്യമപ്രവർത്തകരും സോഷ്യൽ മീഡിയ ഉപയോക്താക്കളും വളരെയധികം ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് യോഗം ആഹ്വാനം ചെയ്തു. വിവരങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം സ്ഥിരീകരിക്കണമെന്നും, തെറ്റിദ്ധരിപ്പിക്കുന്നതോ വിദ്വേഷം പരത്തുന്നതോ ആയ വാർത്തകളും ഉള്ളടക്കങ്ങളും പ്രചരിപ്പിക്കുന്നതിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കണമെന്നും നിർദ്ദേശമുണ്ട്.
നിലവിലെ പ്രാദേശിക വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ ഗൾഫ് ഐക്യം സംരക്ഷിക്കേണ്ടത് കൂട്ടായ ഉത്തരവാദിത്തമാണെന്ന് യോഗം വിലയിരുത്തി. ജി.സി.സി രാജ്യങ്ങളുടെ പരമാധികാരത്തിനും സുരക്ഷയ്ക്കും നേരെ ഉണ്ടാകുന്ന ഭീഷണികളെ ചെറുക്കുന്നതിലും വസ്തുതാപരമായ വിവരങ്ങൾ ജനങ്ങളിലെത്തിക്കുന്നതിലും ഗൾഫ് മാധ്യമങ്ങൾ കാണിക്കുന്ന പ്രൊഫഷണലിസത്തെ ഡോ. റംസാൻ അൽ നുഐമി പ്രശംസിച്ചു.
എ.ഐ, പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എന്നിവ പ്രയോജനപ്പെടുത്തി ഗൾഫ് മാധ്യമ മേഖലയെ കൂടുതൽ ആധുനികവൽക്കരിക്കാൻ തീരുമാനമായി. കൂടാതെ, ജി.സി.സി രാജ്യങ്ങളുടെ വികസന നേട്ടങ്ങളും സമാധാന നിലപാടുകളും ലോകമെമ്പാടും എത്തിക്കുന്നതിനായി വിവിധ വിദേശ ഭാഷകളിൽ മാധ്യമ സന്ദേശങ്ങൾ കൈമാറുന്ന അന്താരാഷ്ട്ര ശൃംഖല ശക്തമാക്കാനും യോഗത്തിൽ ധാരണയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.