ബഹ്റൈൻ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് വിസയുമായി ബന്ധിപ്പിക്കാനുള്ള നിർദേശം തള്ളാൻ ശിപാർശ

മനാമ: പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് കാലാവധി അവരുടെ റെസിഡൻസി പെർമിറ്റുമായി ബന്ധിപ്പിക്കുന്നതിനായി പാർലമെന്റ് മുൻപോട്ടു വെച്ച നിയമ നിർദ്ദേശം തള്ളിക്കളയാൻ ബഹ്‌റൈൻ ശൂറ കൗൺസിലിന്റെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതി നിർദേശിച്ചു.

വരുന്ന ഞായറാഴ്ച ശൂറ കൗൺസിലിന്റെ വോട്ടെടുപ്പിന് എത്തുന്ന ഈ ബിൽ, രാജ്യത്തെ ഗതാഗതക്കുരുക്ക് കുറക്കാൻ സഹായിക്കില്ലെന്നും പ്രവാസികൾക്ക് അനാവശ്യ ചെലവുകളും ഭരണനിർവഹണ ബുദ്ധിമുട്ടുകളും ഉണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് സമിതിയുടെ എതിർപ്പ്.

നിലവിൽ സാധാരണ ഡ്രൈവിങ് ലൈസൻസുകൾക്ക് 5 വർഷത്തെ കാലാവധിയാണുള്ളത്. പുതിയ ഭേദഗതി പ്രാബല്യത്തിൽ വന്നാൽ ഒന്ന് അല്ലെങ്കിൽ രണ്ട് വർഷത്തെ മാത്രം റെസിഡൻസ് പെർമിറ്റുള്ള പ്രവാസികൾ ലൈസൻസ് വീണ്ടും വീണ്ടും പുതുക്കേണ്ടി വരികയും കൂടുതൽ തുകയും സമയവും ചെലവഴിക്കേണ്ടതായും വരും. അതേസമയം, 10 വർഷത്തെ ഗോൾഡൻ വിസയുള്ളവർക്ക് സ്വദേശി പൗരന്മാരേക്കാൾ കൂടുതൽ കാലയളവിലേക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്ന വിരോധാഭാസത്തിനും ഇത് വഴിവെക്കും.

ഗതാഗതക്കുരുക്ക് കുറക്കുക, വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കുക, അനധികൃത താമസക്കാർ വാഹനം ഓടിക്കുന്നത് തടയുക എന്നിവയായിരുന്നു ബില്ലിന്റെ ലക്ഷ്യങ്ങളെങ്കിലും 2015-ലെ ഗതാഗത ചട്ടങ്ങൾ അനുസരിച്ച് തന്നെ ഡ്രൈവിംഗ് ലൈസൻസ് എടുക്കാനും പുതുക്കാനും സാധുവായ റെസിഡൻസി നിർബന്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം സമിതിയെ അറിയിച്ചു.

മറ്റൊരു നിശ്ചിത പദവിയെ അടിസ്ഥാനമാക്കിയുള്ളതാണ് റെസിഡൻസി പെർമിറ്റെന്നിരിക്കെ, വ്യക്തിയുടെ ഡ്രൈവിംഗ് ശേഷിയും ആരോഗ്യക്ഷമതയും പരിശോധിച്ചു നൽകുന്ന ഡ്രൈവിംഗ് ലൈസൻസുമായി ഇതിനെ ബന്ധിപ്പിക്കുന്നത് യുക്തിസഹമല്ലെന്ന് സമിതി വിലയിരുത്തി. അനധികൃതമായി രാജ്യത്ത് കഴിയുന്നവരെ ലക്ഷ്യമിട്ടാണ് ബില്ലെങ്കിലും ഇത് നിക്ഷേപകർ, വിദ്യാർത്ഥികൾ, കുടുംബ വിസയിലുള്ളവർ, ഗാർഹിക ഡ്രൈവർമാർ തുടങ്ങിയ എല്ലാ നിയമവിധേയ പ്രവാസികളെയും ബാധിക്കും.

കൂടാതെ, സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശത്തിന്മേലുള്ള അനാവശ്യ നിയന്ത്രണമായും രാജ്യാന്തര മനുഷ്യാവകാശ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായും ഇത് മാറുമെന്ന് ആഭ്യന്തര മന്ത്രാലയവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Tags:    
News Summary - Recommendation to reject proposal linking driving licenses of expats in Bahrain to their visas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.