പ്രാദേശിക സംഘർഷങ്ങൾ പ്രധാന വിഷയം: മനാമ ഡയലോഗിന് ഇന്ന് ബഹ്‌റൈനിൽ തുടക്കം; 600 ലധികം പ്രതിനിധികൾ പങ്കെടുക്കും

മനാമ: മേഖലയിലെ ഏറ്റവും വലിയ സുരക്ഷാ ഉച്ചകോടിയായ 22-ാമത് ഐ.ഐ.എസ്.എസ് മനാമ ഡയലോഗ് ഇന്ന് വൈകുന്നേരം മനാമയിലെ റിറ്റ്‌സ്-കാൾട്ടൺ ഹോട്ടലിൽ ആരംഭിക്കും. 50-ലധികം രാജ്യങ്ങളിൽ നിന്നായി വിദേശകാര്യ, പ്രതിരോധ, സാമ്പത്തിക മന്ത്രിമാരും സൈനിക തലവന്മാരും അടക്കം 600-ലധികം മുതിർന്ന പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കും.

'മിഡിൽ ഈസ്റ്റ് സുരക്ഷ, താല്പര്യങ്ങൾ, സഹകരണം, സംയോജനം' എന്നതാണ് ഈ വർഷത്തെ ഡയലോഗിന്റെ പ്രധാന പ്രമേയം. ആഗോളതലത്തിൽ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന നിർണ്ണായക സാഹചര്യത്തിലാണ് ഇത്തവനത്തെ സുരക്ഷാ ഉച്ചകോടി നടക്കുന്നത്. ഈ വർഷം ഫെബ്രുവരി 28 മുതൽ സെപ്റ്റംബർ പകുതി വരെയുള്ള പ്രാദേശിക വികസനങ്ങളും സംഭവവികാസങ്ങളും ഉൾപ്പെടുത്തി ഐ.ഐ.എസ്.എസ് തയ്യാറാക്കിയ ‘ദി ഗൾഫ് അറ്റ് വാർ’ എന്ന 80,000 വാക്കുകളുള്ള ഗവേഷണ രേഖയും പുറത്തിറക്കും.

വൈകുന്നേരം ‘ഇറാൻ യുദ്ധത്തിൽ നിന്നുള്ള രാഷ്ട്രീയ, സുരക്ഷാ പാഠങ്ങൾ’ എന്ന വിഷയത്തിൽ പ്രത്യേക സെഷനും ഉദ്ഘാടന സ്വീകരണവും നടക്കും. ശനിയാഴ്ചത്തെ പരിപാടികളിൽ അമേരിക്കയും മധ്യപൂർവേഷ്യൻ സുരക്ഷാ സംയോജനവും, പ്രാദേശിക സംഘർഷങ്ങളുടെ പ്രത്യാഘാതങ്ങൾ, പ്രതിരോധവും തടയൽ തന്ത്രങ്ങളും തുടങ്ങി വിവിധ വിഷയങ്ങളിൽ അഞ്ച് പ്രധാന പ്ലീനറി സെഷനുകൾ നടക്കും.

ഞായറാഴ്ച പുനർനിർമ്മാണവും സാമ്പത്തിക അജണ്ടയും, സമുദ്ര സുരക്ഷ, ആഗോള സുരക്ഷാ ഭരണം എന്നീ വിഷയങ്ങളിലാണ് ചർച്ചകൾ നടക്കുക. 2004 മുതൽ വർഷം തോറും സംഘടിപ്പിച്ചു വരുന്ന മനാമ ഡയലോഗ് മധ്യപൂർവേഷ്യൻ സുരക്ഷാ മേഖലയിലെ പ്രധാന വേദിയാണ്. ഇത്തവണത്തെ ഉച്ചകോടിയിൽ ഐ.ഐ.എസ്.എസ് യംഗ് ലീഡേഴ്സ് പ്രോഗ്രാമിന്റെ ഭാഗമായി 27 യുവ നയതന്ത്രജ്ഞരും പങ്കാളികളാകുന്നുണ്ട്. കഴിഞ്ഞ വർഷത്തെ ഉച്ചകോടിയിൽ 28 മന്ത്രിമാരും 24 രഹസ്യാന്വേഷണ മേധാവികളും ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു

Tags:    
News Summary - Regional conflicts the main focus; Manama Dialogue kicks off in Bahrain today; Over 600 delegates to attend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.