ന്യൂ മില്ലേനിയം സ്കൂളിൽ വിദ്യാർഥികൾ സംഘടിപ്പിച്ച രണ്ടാം
ഭാഷാവാരം പരിപാടിയിൽനിന്ന്
മനാമ: ബഹ്റൈനിലെ ന്യൂ മില്ലേനിയം സ്കൂളിൽ സെപ്റ്റംബർ ഏഴ് മുതൽ 11 വരെ 'രണ്ടാം ഭാഷാ വാരം' ആഘോഷിച്ചു. ഹിന്ദി, അറബിക്, സംസ്കൃതം, ഫ്രഞ്ച് എന്നീ ഭാഷകളുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതായിരുന്നു ഒരാഴ്ച നീണ്ട പരിപാടികൾ.
വിവിധതരം സാഹിത്യപ്രവർത്തനങ്ങളിലൂടെ വിദ്യാർഥികൾക്ക് ഭാഷയുടെ സൗന്ദര്യം അടുത്തറിയാൻ അവസരം ലഭിച്ചു. ഹിന്ദി ഭാഷ പഠിക്കുന്ന കുട്ടികൾ സ്വന്തമായി രചിച്ച കവിതകൾ ചൊല്ലുകയും കഥകൾ പറയുകയും പരസ്യങ്ങൾ രൂപകൽപന ചെയ്യുകയും ചെയ്തു. കൂടാതെ മനോഹരമായ ഫ്ലാഷ് കാർഡുകൾ ഉണ്ടാക്കുകയും പ്രസംഗങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. കുട്ടികൾ സ്വന്തമായി എഴുതിയ ദേശഭക്തി ഗാനങ്ങൾ ആലപിച്ചത് സംഗീതത്തിന്റെ മാന്ത്രികത കൂടി നിറച്ചു.
ഫ്രഞ്ച്, സംസ്കൃതം, അറബിക് ഭാഷകളിലെ വിദ്യാർഥികൾ പ്രശസ്ത വ്യക്തികളെക്കുറിച്ച് ഗവേഷണം നടത്തി ജീവചരിത്രങ്ങൾ തയാറാക്കി. സ്വരാജ്യസ്നേഹം പ്രകടിപ്പിക്കുന്ന കവിതകൾ രചിക്കുകയും സ്വയം പരിചയപ്പെടുത്തുന്ന ഖണ്ഡികകൾ തയാറാക്കുകയും ചെയ്തു. ഈ ഭാഷകളുടെയും സംസ്കാരങ്ങളുടെയും തനിമ വിളിച്ചോതുന്ന സാംസ്കാരികപ്രകടനങ്ങളും പാചകസെഷനുകളും പരിപാടിയുടെ ഭാഗമായി നടന്നു.
രണ്ടാം ഭാഷാവാരം വിജയകരമാക്കാൻ സഹകരിച്ച എല്ലാ അധ്യാപകരെയും വിദ്യാർഥികളെയും രക്ഷിതാക്കളെയും പ്രിൻസിപ്പൽ ഡോ. അരുൺ കുമാർ ശർമ അഭിനന്ദിച്ചു.
വിദ്യാർഥികളിൽ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഭാവിയിലും ഇത്തരം പരിപാടികൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ചെയർമാൻ ഡോ. രവി പിള്ള, മാനേജിങ് ഡയറക്ടർ ഗീത പിള്ള എന്നിവർ വിദ്യാർഥികളുടെയും അധ്യാപകരുടെയും പരിശ്രമങ്ങളെ പ്രകീർത്തിക്കുകയും ഭാഷാവിഭാഗങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.