യാംബു: സൗദിയിൽ വിജയകരമായി നടപ്പിലാക്കുന്ന സ്ത്രീശാക്തീകരണ പദ്ധതികൾ ആഗോളശ്രദ്ധ നേടുന്നു. സൗദി ജനതയിൽ പകുതിയിലേറെ വരുന്ന സ്ത്രീകളുടെ ഉന്നമനത്തിനുള്ള പുതിയ പരിഷ്കാരങ്ങൾ സൗദി ജനത മാത്രമല്ല ആഗോളതലത്തിൽതന്നെ സ്വാഗതം ചെയ്യുകയും പ്രശംസിക്കുകയും ചെയ്തിരിക്കുകയാണ്. ലോക ബാങ്ക് ഗ്രൂപ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ 'സ്ത്രീകൾ ബിസിനസ് രംഗത്തും നിയമരംഗത്തും 2021ൽ' എന്ന ശീർഷകത്തിൽ പുറത്തിറക്കിയ റിപ്പോർട്ടിലാണ് രാജ്യത്തെ സ്ത്രീമുന്നേറ്റം പ്രത്യേകം പരാമർശിച്ചിട്ടുള്ളത്.
190 രാജ്യങ്ങളിലെ സ്ത്രീകൾ സാമ്പത്തിക വികസനമേഖലയിൽ കൈവരിച്ച പുരോഗതിയും മികവും പരാമർശിക്കുന്ന റിപ്പോർട്ടിലാണ് തുടർച്ചയായ രണ്ടാം വർഷവും സൗദിയെ മികച്ച രാജ്യമായി പരാമർശിച്ചത്. സാമ്പത്തിക വികസനത്തിൽ സ്ത്രീകളുടെ പങ്കാളിത്തത്തിന് വഴിയൊരുക്കിയ നിരവധി പരിഷ്കാരങ്ങൾക്ക് സൗദിയുടെ 'വിഷൻ 2030' അടിത്തറയിട്ടതായി റിപ്പോർട്ടിൽ പറയുന്നു. തൊഴിൽവിപണിയിൽ സ്വദേശി വനിതകളെ ആകർഷിക്കുന്നതിന് കഴിഞ്ഞ നാല് വർഷമായി നിരവധി പദ്ധതികളാണ് നടപ്പിലാക്കിയത്. മാനവശേഷി വികസനനിധിയുടെ സഹായത്തോടെ നിരവധി പരിശീലന പരിപാടികളും സ്വയംതൊഴിൽ സംരംഭം ആരംഭിക്കുന്നതിന് തൊഴിൽ, സാമൂഹിക വികസനകാര്യ മന്ത്രാലയം വായ്പയും സഹായവും അനുവദിക്കുന്നതും വമ്പിച്ച പുരോഗതിക്ക് ആക്കംകൂടിയതായി വിലയിരുത്തുന്നു.
മറ്റു രാജ്യങ്ങളിൽനിന്ന് ഭിന്നമായി സ്ത്രീപുരോഗതിയിൽ 2020ൽ സൗദി 100ൽ 70.6 പോയൻറുകൾ നേടിയതായി ലോക ബാങ്ക് ഗ്രൂപ് പുറത്തിറക്കിയ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഇത് ഗൾഫിലെ ആദ്യത്തേതും അറബ് ലോകത്ത് രണ്ടാമത്തേതുമാണ്. മിഡിലീസ്റ്റിലെയും വടക്കെ ആഫ്രിക്കയിലെയും പ്രമുഖ രാജ്യങ്ങളിൽനിന്ന് റാങ്കിങ് ഉയർത്താൻ സൗദിക്ക് കഴിഞ്ഞു. തുടർച്ചയായി രണ്ടാം വർഷവും 100ൽ 80 പോയൻറുകൾ നേടി പുതിയ പുരോഗതി കൈവരിച്ചാണ് കഴിഞ്ഞവർഷം സൗദിയുടെ മികവ് രേഖപ്പെടുത്തിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സാമ്പത്തിക പുരോഗതിയിൽ സ്ത്രീകളുടെ പങ്കാളിത്തത്തിന് വഴിയൊരുക്കിയ നിരവധി പരിഷ്കാരങ്ങളാണ് ഈ പുരോഗതിക്ക് കാരണം. പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള ജോലിയിൽ വിവേചനം കാണിക്കാത്തത് പ്രത്യേകം പരാമർശിക്കുന്നു. ജോലിയിൽ സ്ത്രീകൾക്കുള്ള പ്രത്യേക പരിഗണന, നിരവധി പുതിയ മേഖലകളിൽ സ്ത്രീകളെ ജോലിചെയ്യാൻ അനുവദിക്കൽ, നേതൃസ്ഥാനം ഏറ്റെടുക്കാൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന പദ്ധതികൾ എല്ലാം സൗദിയുടെ മികവുറ്റ നേട്ടങ്ങളായി പറയുന്നു.
2020െൻറ ആദ്യ പകുതിയിൽ മൊത്തം തൊഴിലാളികളിൽ 31.5 ശതമാനം സ്ത്രീകളുടെ പങ്കാളിത്തമെത്തി. 2020ൽ ലക്ഷ്യംവെച്ചതിെൻറ 24 ശതമാനം മറികടന്നതാണിത്. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിെൻറ നേതൃത്വത്തിലുള്ള നിരവധി ഗുണപരമായ സംരംഭങ്ങളിലൂടെയാണ് ഇത് നേടിയെടുത്തതെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു. പ്രായത്തിെൻറയോ ലിംഗത്തിെൻറയോ വൈകല്യത്തിെൻറയോ പേരിൽ തൊഴിലാളികൾക്കിടയിൽ വിവേചനം അനുവദിക്കില്ല.
സ്ത്രീകളെ ശാക്തീകരിക്കാനും അവർ നേരിടുന്ന പ്രതിബന്ധങ്ങളെ മറികടക്കാനും സമൂഹത്തിെൻറയും സമ്പദ്വ്യവസ്ഥയുടെയും വികസനത്തിന് സംഭാവന ചെയ്യുന്നതിന് ഉചിതമായ അവസരങ്ങൾ നേടാൻ അവരെ പ്രാപ്തരാക്കുന്നതിനും രാജ്യം കൈവരിച്ച മികവും എടുത്തുപറയുന്നു. സ്ത്രീസുരക്ഷയൊരുക്കുന്നതിൽ മറ്റു രാഷ്ട്രങ്ങളെ അപേക്ഷിച്ച് സൗദിയുടെ വമ്പിച്ച നേട്ടങ്ങൾ തൊഴിൽ മേഖലകളിൽ സ്ത്രീപങ്കാളിത്തം വർധിക്കാൻ വഴിവെച്ചതായും ലോക ബാങ്ക് ഗ്രൂപ് റിപ്പോർട്ടിൽ വിശദീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.