മനാമ: നിരന്തരം കേരള ജനതയെ വർഗീയമായി ചേരി തിരിച്ചു കൊണ്ട് പ്രസ്താവനകൾ നടത്തുന്ന മന്ത്രി സജി ചെറിയാൻ രാജി വെച്ചുകൊണ്ട് മതേതര കേരളത്തോട് മാപ്പുപറയണമെന്ന് കെ.എം.സി.സി ബഹ്റൈൻ ആവശ്യപ്പെട്ടു. മുമ്പും ഭരണ ഘടനാ ലംഘനം നടത്തിയതിന്റെ പേരിൽ മന്ത്രി സ്ഥാനത്തുനിന്ന് മാറ്റി നിർത്തപ്പെട്ട ആളാണ് സജി ചെറിയാനെന്ന് കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ ജനറൽ സെക്രട്ടറി ഷംസുദീൻ വെള്ളികുളങ്ങര എന്നിവർ കൂട്ടിച്ചേർത്തു.
ഇത്തരം വില കുറഞ്ഞ പ്രസ്താവനകൾ നടത്തി സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കുന്നതിനുവേണ്ടി പ്രവർത്തിക്കുന്ന ഒരാളായി മാറിയിരിക്കുകയാണ് മന്ത്രിയെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. വളരെ ബോധപൂർവം ഇത്തരം പ്രസ്താവനകൾ നടത്തി കേരളീയ സമൂഹത്തിൽ ഭിന്നിപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന ഇദ്ദേഹം ഭരണ ഘടനാലംഘനമാണ് നടത്തുന്നതെന്ന് ഓർമിക്കണമായിരുന്നെന്ന് ഭാരവാഹികൾ പറഞ്ഞു. മന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് ഒരു വെറും രാഷ്ട്രീയക്കാരനെ പോലെ വർഗീയത കുത്തി നിറച്ച പ്രസ്താവനകൾ നടത്തി ജനങ്ങളെ തമ്മിലടിപ്പിക്കുന്ന പ്രവണത ഒരു മന്ത്രിക്ക് യോജിച്ചതല്ലെന്നും ഇത് മതേതര കേരളത്തിന് തന്നെ അപമാനമാണെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.