അധികൃതർ പരിശോധനക്കിടെ
മനാമ: രാജ്യത്തെ സമുദ്രാതിർത്തികളിലെ സുരക്ഷയും നിയമപരമായ പ്രവർത്തനങ്ങളും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബഹ്റൈനിലെ ഡൈവിങ് ഷോപ്പുകളിൽ കോസ്റ്റ് ഗാർഡ് കമാൻഡിന്റെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി. കടൽസുരക്ഷാനിലവാരം ഉയർത്തുക, സ്ഥാപനങ്ങൾ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയായിരുന്നു പരിശോധനയുടെ പ്രധാന ലക്ഷ്യം.
കോസ്റ്റ് ഗാർഡ് കമാൻഡിനൊപ്പം നാഷണാലിറ്റി, പാസ്പോർട്ട്, റെസിഡൻസ് കാര്യ ഡയറക്ടറേറ്റ്, മുഹറഖ് ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റ്, വ്യവസായ-വാണിജ്യ മന്ത്രാലയം, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) എന്നീ വിഭാഗങ്ങൾ ചേർന്നാണ് പരിശോധന നടത്തിയത്.
പരിശോധനയിൽ സ്ഥാപനങ്ങളുടെ നിയമപരമായ ലൈസൻസുകളുടെയും മറ്റ് അനുമതികളുടെയും സാധുത ഉറപ്പുവരുത്തി. കൂടാതെ ഡൈവിങ് ഉപകരണങ്ങളും മറ്റ് സാമഗ്രികളും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കി. തൊഴിലാളികളുടെ ഔദ്യോഗിക പെർമിറ്റുകളും നിലവിലെ താമസരേഖകളും പരിശോധിച്ച് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പിച്ചു.നിയമപരമായ ലൈസൻസുകൾ, സുരക്ഷാ ഉപകരണങ്ങളുടെ നിലവാരം, തൊഴിലാളികളുടെ ഔദ്യോഗിക രേഖകൾ എന്നിവ ഉറപ്പാക്കുന്നതിലാണ് ഈ സംയുക്ത പരിശോധന ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് കോസ്റ്റ് ഗാർഡ് കമാൻഡ് അറിയിച്ചു. ഇത്തരം പരിശോധനകൾ തുടരുമെന്നും നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.