ട്രാഫിക് ഡയറക്ടര്‍ ജനറൽ
മനാമ: ട്രാഫിക് വാരാചരണം മെച്ചപ്പെട്ട രൂപത്തില്‍ സംഘടിപ്പിക്കുമെന്ന് ട്രാഫിക് ഡയറക്ടര്‍ ജനറൽ ബ്രിഗേഡിയര്‍ ശൈഖ് അബ്ദുറഹ്മാന് ബിന്‍ അബ്ദുല്‍ വഹാബ് ആല് ഖലീഫ വ്യക്തമാക്കി.ആഭ്യന്തരമന്ത്രി ലഫ്. കേണല്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല് ഖലീഫയുടെ നിര്‍ദേശപ്രകാരം ട്രാഫിക് മേഖലയില്‍ ശക്തമായ ബോധവത്കരണം നടത്തുകയും അതിെൻറ ഫലമായി റോഡപകടങ്ങള്‍ കുറയുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഞായറാഴ്ച മുതൽ 11 വരെയാണ് ഇൗ വർഷത്തെ ട്രാഫിക് വാരാചരണം. നിയമലംഘനങ്ങള്‍ക്ക് പിഴ വര്‍ധിപ്പിച്ചതും ചില ലംഘനങ്ങള്‍ക്ക് തടവുശിക്ഷ ഏര്‍പ്പെടുത്തിയതും സുരക്ഷിത റോഡ് യാത്ര സാധ്യമാക്കിയിട്ടുണ്ട്.
റോഡ് സുരക്ഷയില്‍ മുഖ്യപങ്ക് ഡ്രൈവര്‍ക്കാണെന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങള്‍ വിജയിച്ചുവെന്നാണ് കരുതുന്നത്. കഴിഞ്ഞ 30 വര്‍ഷമായി ട്രാഫിക് വാരാചരണത്തിലൂടെ പൊതുജനങ്ങളില്‍ ട്രാഫിക് അവബോധം ശക്തിപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് റോഡ് സുരക്ഷ വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ വര്‍ധിപ്പിക്കാനും സാധിച്ചു. ജനസംഖ്യ കൂടുന്നതിനനുസരിച്ച് വാഹനങ്ങളുടെ എണ്ണം കൂടുന്നത് യാഥാര്‍ഥ്യമാണ്.
ഇതിനനുസൃതമായി റോഡുകള്‍ വര്‍ധിക്കുകയും നിലവിലുള്ള റോഡുകള്‍ നവീകരിക്കുകയും ചെയ്യേണ്ടതുണ്ട്. സുപ്രധാന നിരത്തുകളില്‍ റൗണ്ട് എബൗട്ടിന് പകരം സിഗ്നലുകള്‍ ഏര്‍പ്പെടുത്തുകയും കൂടുതല്‍ വാഹനങ്ങള്‍ കടന്നുപോകുന്ന ജങ്ഷനുകളില്‍ മേല്‍പാലം പണിയുകയും ചെയ്തത് തിരക്കൊഴിവാക്കാന്‍ സഹായിച്ചു. മിക്ക സിഗ്നലുകളിലും ഗ്രീന്‍ ഫ്ലാഷ് സംവിധാനമേര്പ്പെടുത്തിയതിലൂടെ റെഡ് സിഗ്നല്‍ മുറിച്ചുകടക്കുന്ന പ്രവണതക്ക് കുറവ് വരുത്താനും സാധിച്ചതായി അദ്ദേഹം പറഞ്ഞു.
ട്രാഫിക് സേവനങ്ങള്‍ അധികവും ഓണ്‍ലൈനാക്കാന്‍ സാധിച്ചതും നേട്ടമാണ്. ഇതുവഴി യാത്രയും സമയവും ലാഭിക്കാന്‍ സാധിച്ചിട്ടുണ്ട്. വിവിധ സാമൂഹിക സംഘടനകളുമായും സര്‍ക്കാര്‍ അതോറിറ്റികളും മന്ത്രാലയങ്ങളുമായും സഹകരിച്ച് ട്രാഫിക് വാരാചരണം വിജയിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.