മനാമ: രാജ്യത്ത് റോഡപകടങ്ങൾ പെരുകുന്ന സാഹചര്യത്തിൽ നിലവിലുള്ള ഗതാഗതനിയമം സമഗ്രമായി പരിഷ്കരിക്കണമെന്ന ആവശ്യവുമായി എം.പിമാർ. സമീപകാലത്ത് നിരവധി അപകടങ്ങളിൽ ജീവനുകൾ നഷ്ടപ്പെടുകയും സ്വത്തുക്കൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ നിർദേശം. പൗരന്മാരുടെയും താമസക്കാരുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന് അടിയന്തര നിയമനിർമാണവും പ്രായോഗിക നടപടികളും ആവശ്യമാണെന്ന് നിർദേശത്തിൽ എം.പിമാർ ആവശ്യപ്പെട്ടു.
അപകടകരമായ ഡ്രൈവിങ്ങിനും നിയമലംഘനങ്ങൾക്കും നിലവിലുള്ള ശിക്ഷകൾ വർധിപ്പിക്കണം, ഗതാഗതനിയമങ്ങൾ കർശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കണം, ബദൽ ശിക്ഷകളും ട്രാഫിക് പോയന്റ് സംവിധാനവും പോലുള്ള പുതിയ പ്രതിരോധമാർഗങ്ങൾ നടപ്പാക്കണം തുടങ്ങിയവയാണ് ആവശ്യങ്ങൾ. റോഡുകളിലെ അപകടകരമായ പെരുമാറ്റങ്ങൾ തടയാൻ കർശനവും നീതിയുക്തവുമായ നടപടികൾ പൊതുജനങ്ങൾ ആവശ്യപ്പെടുന്നുണ്ടെന്നും ഈ വിഷയത്തിൽ ഇനിയും കാലതാമസം അനുവദിക്കാനാവില്ലെന്നും എം.പിമാർ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
ജീവഹാനി തടയുന്നതിനും കൂടുതൽ അച്ചടക്കമുള്ളതും സുരക്ഷാബോധമുള്ളതുമായ ട്രാഫിക് സംസ്കാരം വളർത്തുന്നതിനും നിയമനിർമാണ, കാര്യനിർവഹണ വിഭാഗങ്ങളും ബന്ധപ്പെട്ട സുരക്ഷാ ഏജൻസികളും തമ്മിലുള്ള ഏകോപിപ്പിച്ച ശ്രമങ്ങളുടെ പ്രാധാന്യവും അവർ സൂചിപ്പിച്ചു. നിയമം ഭേദഗതി ചെയ്യുന്ന വിഷയം പാർലമെന്റിന്റെ അടുത്ത സെഷന്റെ അജണ്ടയിൽ ഉണ്ടാകുമെന്നും എം.പിമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.