സോഷ്യൽ മീഡിയയുടെ അതിപ്രസരത്തിൽ വായന അന്യംനിൽക്കുന്ന ഒരു കാലത്താണ് നാമെല്ലാം ജീവിക്കുന്നത്. പരന്ന വായനകളെ സ്നേഹിച്ചിരുന്ന യുവത്വത്തെയും തീക്ഷ്ണമായി വായിച്ചിരുന്നവരെയും ഇന്ന് സോഷ്യൽ മീഡിയ കൈയടക്കിയിരിക്കയാണ്. ‘വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും, വായിച്ചുവളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും’ എന്ന കുഞ്ഞുണ്ണി മാഷിന്റെ വാക്കുകൾ എക്കാലത്തും പ്രസക്തമായിട്ടുകൂടിയും കുട്ടികളടക്കം വായനയെ അവഗണിക്കുന്നു.
കഥാബുക്കുകളും ചിത്ര ബുക്കുകളും കണ്ടുവളർന്ന് പത്രവായനകളിലൂടെ വലിയവായനകളിലേക്ക് കടന്നൊരു ബാല്യം പഴമക്കാർ പറയാറുണ്ട്. അതിന്റെ ഗുണങ്ങളും അവർ ഇന്നും പ്രകടമാക്കുന്നുണ്ട്. പൊതുബോധവും രാഷ്ട്രീയബോധവും ഏതൊരും മനുഷ്യനും നിത്യജീവിതത്തിൽ ഭാഗമാക്കേണ്ട ഒന്നുതന്നെയാണ്. അതിന് പത്രവായനതന്നെയാണ് മികച്ച തെരഞ്ഞെടുപ്പ്. നാട്ടിൽ മലയാളപത്രങ്ങൾ സുലഭമായി കിട്ടുമെങ്കിലും ഗൾഫ് മേഖലകളിൽ വർഷങ്ങളായി മലയാളികളെ മലയാളം വായിപ്പിക്കുന്നത് ‘ഗൾഫ് മാധ്യമ’മാണ്. ഞാനും കുടുംബവും കഴിഞ്ഞ ഒരുപാട് വർഷമായി ‘ഗൾഫ് മാധ്യമ’ത്തിന്റെ വരിക്കാരാണ്. എന്റെ കുടുംബത്തിന് പത്രം ഇല്ലാതെ ഒരുദിവസം തുടങ്ങാൻ പറ്റാത്ത അവസ്ഥയാണ്. കുട്ടികളും വായിക്കും. അവർ മലയാളം അടുത്തറിയുന്നത് ഈ പത്രം വായിച്ചുതുടങ്ങിയാണ്. സ്കൂളികളിലേക്കും മറ്റും ‘ഗൾഫ് മാധ്യമം’ ഇറങ്ങിച്ചെല്ലുന്നു എന്നത് അഭിനന്ദനാർഹമാണ്. മലയാളികുട്ടികൾക്ക് പത്രവായനയിലൂടെ തങ്ങളുടെ മാതൃഭാഷയോടുള്ള അടുപ്പം വളർത്താൻ കഴിയും എന്നത് വസ്തുതയാണ്.
കൂടാതെ ബഹ്റൈനിലെ ചെറുതും വലുതുമായ എല്ലാ വാർത്തകളും അതിന്റെ ഗൗരവത്തോടെ പ്രസിദ്ധീകരിക്കുന്നു എന്നതും ‘ഗൾഫ് മാധ്യമ’ത്തെ വേറിട്ടതാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.