നോമ്പിെൻറ ഓർമകൾ കരകവിഞ്ഞൊഴുകുന്ന കടൽ പോയാണ്. ഓർമവെച്ച കാലം തൊട്ടേ നോമ്പ് മുഴുവനും എടുക്കാറുണ്ടായിരുന്നു. പക്ഷേ, അന്നൊന്നും പടച്ചോനും പടപ്പും തമ്മിലുള്ള രഹസ്യമാണ് നോമ്പെന്ന് അറിഞ്ഞിരുന്നില്ല. സ്നേഹക്കടലായ എെൻറ ഉമ്മയുടെ നോമ്പ് തുറ വിഭവങ്ങളെ പറ്റി ഓർക്കുമ്പോൾ കൊതിയൂറും. പ്രവാസം തുടങ്ങിയിട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടെങ്കിലും ഇപ്പോഴും നാട്ടിൽ പോയാൽ ഉമ്മയോട് വാരിത്തരാൻ പറയാൻ എനിക്ക് ഒരു മടിയുമില്ല. കുഞ്ഞുന്നാളിൽ വീട്ടിൽ നോമ്പ് തുറ വിഭവങ്ങൾ ഉണ്ടാക്കി ടേബിളിൽ ഒരുക്കുന്നതിന് മുന്നേ ഒരു പൊതി തന്നിട്ട് ഉമ്മ എന്നോട് പറയും; 'ഇത് ബിന്ദു ഏച്ചിയുടെ വീട്ടിൽ കൊടുത്തിട്ട് വാ'. പിറ്റേ നാളിൽ ശോഭേച്ചിയുടെ വീട്ടിൽ, നാരായണി ഏടത്തിയുടെ വീട്ടിൽ, സിന്ധു ഏച്ചിയുടെ വീട്ടിൽ ഇങ്ങനെ തൊട്ടടുത്ത വീട്ടിലൊക്കെ ഉമ്മയുടെ നോമ്പ് തുറ വിഭവങ്ങൾ എത്തും.
ഉമ്മ കൊടുത്തയച്ച നോമ്പ് തുറ വിഭവങ്ങളിലൊക്കെ ചാലിച്ചിരുന്നത് രുചി വൈഭവം മാത്രമല്ല; മത സൗഹാർദവും അയൽപക്ക സ്നേഹവും ഒക്കെ അതിലുണ്ടായിരുന്നു. ഓണം, വിഷു, ക്രിസ്മസ് വിശേഷ ദിവസങ്ങളിൽ അന്നും ഇന്നും എെൻറ വീട്ടിൽ ഭക്ഷണം ഉണ്ടാക്കാറില്ല. ഉണ്ടാക്കാൻ സമ്മതിക്കില്ല എന്നാതാണ് വാസ്തവം. സ്നേഹനിധികളായ അയൽവീട്ടുകാർ കൊണ്ടുവരുന്ന അടപ്രഥമനും പാൽപ്പായസവും സദ്യയുമൊക്കെ ഇന്നും വായിൽ വെള്ളമൂറുന്ന ഓർമകൾ ആണ്.
പുഴുങ്ങ പത്തിരി, ഉന്നക്കായ, കുഞ്ഞിപ്പത്തിരി, കോഴി അട തുടങ്ങി ഉമ്മ ഉണ്ടാക്കുന്ന വിഭവങ്ങൾക്കൊക്കെ പ്രത്യേക രുചി ആണ്. അതിൽ എനിക്ക് ഏറ്റവും ഇഷ്ടം 'കുഞ്ഞിപ്പത്തിരി' ആയിരുന്നു. ചില നാട്ടിൽ 'കക്കറൊട്ടി','ഫിത്ത്ന ഒറോട്ടി'എന്നൊക്കെ ഇതിന് പേരുണ്ട്. നോമ്പ് നോറ്റ് ക്ഷീണം വക വെക്കാതെ അടുക്കളയിൽ നോമ്പ് തുറ വിഭവങ്ങൾ ഒരുക്കാൻ ഉമ്മയും ഇച്ചാച്ചയും (ഏക സഹോദരി സറീന) പരിശ്രമിക്കുന്നത് കാണുമ്പോൾ ഞാനും സഹായത്തിന് കൂടും. വാഴ ഇല പറിക്കാനും കുഞ്ഞി പത്തിരി ഉരുട്ടി കൊടുക്കാനുമൊക്കെ.
ഏറെക്കാലം പ്രവാസി ആയിരുന്ന ഉപ്പ കൊടുത്തയച്ചിരുന്ന പെരുന്നാൾ വസ്ത്രമണിഞ്ഞ് ചങ്ങായിമാരോട് എൻറുപ്പ ഗൾഫിന്ന് കൊടുത്തയച്ചതാന്ന് പറയുമ്പോൾ ഇമ്മിണി ബല്യ ജാട ആയിരുന്നു. ചെറുപ്പം മുതലേ പ്രസംഗ കലയോട് അഭിനിവേശം ഉണ്ടായിരുന്ന എനിക്ക് നോമ്പ് കാലത്ത് പ്രസംഗിക്കാൻ കച്ചവടക്കാരായിരുന്ന ഉപ്പാപ്പയും ഹാഷിം ആപ്പയും ഒക്കെ ബിസ്കറ്റും മിഠായിയും ഓഫർ ചെയ്തിരുന്നു. എന്തെങ്കിലും സ്പെഷൽ വിഭവങ്ങൾ ഉണ്ടാക്കുന്ന ദിവസം പള്ളിയിൽ ഉറുദി പറയാൻ വരുന്ന ഉസ്താദിനെ ഞങ്ങളുടെ സ്നേഹനിധിയായ ഉപ്പാപ്പ വീട്ടിൽ കൂട്ടി വരും. െഎ.സി.യു മുറിയുടെ ഉള്ളിൽ മരണക്കിടക്കയിൽ കിടക്കുമ്പോഴും 'മക്കള് വല്ലതും കഴിച്ചോ?'എന്ന് നഴ്സുമാരോട് ചോദിച്ചിരുന്ന ഉപ്പാപ്പയാണ് ഞങ്ങൾക്ക് മാതൃക.
റമദാൻ കൂടാരത്തിൽ വായനക്കാർക്ക് എഴുതാം
'റമദാൻ കൂടാരത്തി'ൽ വായനക്കാർക്ക് റമദാൻ ഒാർമകളും അനുഭവങ്ങളും എഴുതാം. ഒാർമയിലെ റമദാൻ നാളുകളിൽ നിങ്ങളെ ആഴത്തിൽ സ്വാധീനിച്ച അനുഭവം ചുരുക്കി എഴുതി അയക്കുക. എഴുതുന്ന ആളുടെ ഫോേട്ടാ, മൊബൈൽ നമ്പർ ഉൾപ്പെടെ edtrbhn@gulfmadhyamam.net എന്ന വിലാസത്തിൽ അയക്കണം.
.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.