മഴയും തണുപ്പും: മത്സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍

മനാമ: ബഹ്റൈനില്‍ അനുഭവപ്പെട്ട മഴയും തണുപ്പും മൂലം മത്സ്യത്തൊഴിലാളികള്‍ കൊടും ദുരിതത്തിലായി. ഇവരില്‍ ഒട്ടുമിക്കവരും കാലവസ്ഥ പ്രതികൂലമായതിനാല്‍ പത്ത് ദിവസത്തിലേറെയായി കടലില്‍ പോയിട്ടില്ല.ഒരു ബോട്ടില്‍ നാലുപേരാണ് സാധാരണ പോകുന്നത്. രാവിലെ മൂന്നുമണിക്ക് പോയി ആറുമണിക്ക് തിരിച്ചത്തെുന്നതാണ് പതിവ്. ഒരു ദിവസത്തെ ചെലവ് ഏകദേശം 75 ദിനാറെങ്കിലും വരും. എന്നാല്‍, കിട്ടുന്ന മീന്‍ മാര്‍ക്കറ്റില്‍ കൊടുത്താല്‍ 40 ദിനാറാണ് ലഭിക്കുന്നത്. ചെമ്മീനും വിലയിടിഞ്ഞു.ഒരു തരത്തിലും ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണിപ്പോഴെന്ന്  കന്യാകുമാരി അണ്ണാനഗര്‍ സ്വദേശി വര്‍ഗീസ് പറഞ്ഞു. 
മലയാളികളും തമിഴ്നാട് സ്വദേശികളും അടങ്ങുന്ന വലിയൊരു കൂട്ടം മത്സ്യത്തൊഴിലാളികള്‍ ബഹ്റൈനിലുണ്ട്. 40 വയസ്സിനുമുകളിലുള്ളവരാണ് പലരും. കടലിലെ പ്രത്യേക കാലാവസ്ഥ കാരണം ശാരീരിക അസ്വാസ്ഥ്യങ്ങളുമായാണ് ഇവര്‍ കഴിയുന്നത്. തണുപ്പ് സമയത്ത് രണ്ട് മൂന്ന് സംഘടനകളും പള്ളി കമ്മിറ്റികളും സ്വെറും ബ്ളാങ്കറ്റും മറ്റും നല്‍കിയിരുന്നു. കഴിഞ്ഞ 10 ദിവസമായി പണിയില്ലാത്തതിനാല്‍ ഭക്ഷണത്തിന് പോലും വകയില്ലാതെ ദുരിതമനുഭവിക്കുന്നവരുണ്ടെന്ന് കോഴിക്കോട് സ്വദേശി ജാഫര്‍ പറഞ്ഞു.
ഈ മേഖലയില്‍ ഇപ്പോള്‍ ജോലിക്ക് ആളെ കിട്ടാത്ത അവസ്ഥയാണെന്ന് ഷാജി എന്നയാള്‍ പറഞ്ഞു. പലരും നാട്ടിലേക്ക് പോയാല്‍ പിന്നെ തിരിച്ചുവരുന്നില്ല. അടുത്തമാസം പകുതിയോടെ കുറേപ്പേര്‍ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് പോകാനൊരുങ്ങിയിരിക്കുകയാണ്. കഠിനമായ പണിയും തുഛമായ കൂലിയുമാണ് ലഭിക്കുന്നത്. ഇപ്പോള്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ലഭിക്കുന്നതില്‍ ഭൂരിഭാഗവും ഇറക്കുമതി മത്സ്യമാണ്. അതുകൊണ്ട് തന്നെ, അതിന് ഇരട്ടി വിലയാണെന്ന് ഇയാള്‍ കൂട്ടിച്ചേര്‍ത്തു.
 ഒരുമാസം ജോലിയെടുത്താല്‍ ലഭിക്കുന്നത് 100നും 120നും ഇടക്കുള്ള തുകയാണ്. പുറംലോകവുമായി ഒരു ബന്ധവുമില്ല. അതിരാവിലെ പണിക്ക് പോകേണ്ടതിനാല്‍ ജോലി കഴിഞ്ഞ് വന്ന് ഭക്ഷണം ഉണ്ടാക്കി നേരത്തെ കിടന്നുറങ്ങും. എന്ത് അസുഖമായാലും പണിക്ക് പോയേ പറ്റൂ. ഈ അവസ്ഥ ആരോടും പങ്കുവെക്കുവാനോ അറിയിക്കാനോ പറ്റാതെ സ്ഥിതിയാണ്. ദാരിദ്ര്യത്തിന്‍െറയും സങ്കടത്തിന്‍െറയും കഥ മാത്രമാണ് ഇപ്പോള്‍ തങ്ങള്‍ക്ക് പറയാനുള്ളതെന്ന് മറ്റൊരു മത്സ്യത്തൊഴിലാളി ജോസഫ് സൈമണ്‍ പറഞ്ഞു.
ഒ.ഐ.സി.സി തമിഴ്നാട് ഘടകം, കന്യാകുമാരി  പ്രിന്‍സ് ക്ളബ്, സേക്രട്ട് ചര്‍ച്ച്, തമിഴ് കൂട്ടായ്മ തുടങ്ങിയവരുടെ സഹായം പലപ്പോഴായി തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. 
 

Tags:    
News Summary - Rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.