മനാമ: വിവാഹത്തിന് മുമ്പുള്ള നിർബന്ധിത മെഡിക്കൽ പരിശോധനയിൽ മാനസികാരോഗ്യവിലയിരുത്തലും മയക്കുമരുന്ന് ഉപയോഗത്തിനായുള്ള സ്ക്രീനിങ്ങും ഉൾപ്പെടുത്തണമെന്ന നിർദേശം ബഹ്റൈൻ പാർലമെന്റ് തള്ളി. കഴിഞ്ഞദിവസം നടന്ന പ്രതിവാര സമ്മേളനത്തിൽ ദീർഘനേരം ചർച്ച ചെയ്ത ശേഷമാണ് എം.പിമാർ ഈ നിർദേശം ഏകകണ്ഠമായി തള്ളിയത്.
സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് അംഗമായ ബാസിമ മുബാറക് ആണ് ഈ നിർദേശത്തിന് പിന്നിൽ പ്രവർത്തിച്ചത്. നിലവിലെ പാരമ്പര്യ, സാംക്രമിക രോഗങ്ങൾ കണ്ടെത്താനുള്ള പരിശോധനകൾക്കൊപ്പം, മാനസികാരോഗ്യ വിലയിരുത്തലും നിയമവിരുദ്ധ മയക്കുമരുന്നുകളുടെ ഉപയോഗത്തിനായുള്ള സ്ക്രീനിങ്ങും കൂടി ഉൾപ്പെടുത്തി മെഡിക്കൽ പരിശോധനയുടെ വ്യാപ്തി വർധിപ്പിക്കാനാണ് നിർദേശം മുന്നോട്ടുവെച്ചിരുന്നത്. ഈ നിർദേശത്തെ ആരോഗ്യമന്ത്രാലയവും സുപ്രീം കൗൺസിൽ ഓഫ് ഹെൽത്തും ശക്തമായി എതിർത്തു.
നിലവിലെ നിയമം ലൈംഗികബന്ധത്തിലൂടെയോ പാരമ്പര്യമായോ കൈമാറ്റം ചെയ്യപ്പെടാൻ സാധ്യതയുള്ള രോഗങ്ങളെ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്.
എന്നാൽ, മാനസികാരോഗ്യപ്രശ്നങ്ങളോ ലഹരി ഉപയോഗമോ അത്തരത്തിൽ പകരുന്ന അവസ്ഥകളല്ല എന്നും, ഇതിന് സാധാരണ ലബോറട്ടറി പരിശോധനകൾക്ക് പകരം വിദഗ്ധ ക്ലിനിക്കൽ വിലയിരുത്തലുകൾ ആവശ്യമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി. പരിശോധനയുടെ സ്വകാര്യത, രോഗനിർണയത്തിലെ സങ്കീർണത, മയക്കുമരുന്ന് പരിശോധനയിലെ തെറ്റായ ഫലങ്ങൾ എന്നിവയെക്കുറിച്ചും ആരോഗ്യവിദഗ്ധർ ആശങ്കകൾ അറിയിച്ചു. ഇത് വിശ്വസനീയമല്ലാത്ത നടപടിക്രമങ്ങൾക്കും കാരണമായേക്കാം എന്നും അവർ വാദിച്ചു. വിവാഹത്തിനുള്ള ഒരു വ്യവസ്ഥയായി മാനസികാരോഗ്യപരിശോധനയോ മയക്കുമരുന്ന് സ്ക്രീനിങ്ങോ നിർബന്ധമാക്കിയ ഒരു രാജ്യവും ലോകത്തില്ലെന്നും ഇത് അന്താരാഷ്ട്ര മാനദണ്ഡങ്ങളുമായി ഒത്തുപോകില്ലെന്നും പാർലമെന്റിന്റെ സർവിസസ് കമ്മിറ്റി ചെയർമാനായ മംദൂഹ് അൽ സാലിഹ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.