മനാമ: രാജ്യത്ത് അതിവേഗം വളരുന്ന ഡെലിവറി മോട്ടോർ സൈക്കിളുകൾക്കുള്ള പുതിയ ലൈസൻസുകൾ താൽക്കാലികമായി നിർത്തിെവക്കാൻ ആവശ്യപ്പെട്ട് പാർലമെന്റിൽ നിർദേശം.
എം.പി മുഹമ്മദ് ഹുസൈൻ ജനാഹിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിർദേശം സമർപ്പിച്ചത്. ഗതാഗതസുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുകയും വർധിച്ചുവരുന്ന ഈ മേഖലയുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കുറക്കുകയും ചെയ്യുന്ന ഒരു സമഗ്രമായ നിയന്ത്രണ ചട്ടക്കൂട് പൂർത്തിയാകുന്നതുവരെ ലൈസൻസ് നൽകുന്നത് നിർത്തണമെന്നാണ് നിർദേശത്തിലെ പ്രധാന ആവശ്യം.
ഡെലിവറി സേവനങ്ങളുടെ വിപണിയിൽ നിലവിൽ പ്രവർത്തിക്കുന്ന മോട്ടോർ സൈക്കിളുകളുടെ എണ്ണത്തിൽ അതിഭീമമായ വർധന ഉണ്ടായിട്ടുണ്ട്. ഇത് ഗതാഗതക്കുരുക്കിനും സുഗമമായ ഒഴുക്കിനും തടസ്സമുണ്ടാക്കുന്നുവെന്നാണ് വിശദീകരണ മെമ്മോറാണ്ടത്തിൽ എം.പിമാർ ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞവർഷങ്ങളിൽ ഡെലിവറി സേവനങ്ങൾ അതിവേഗം വികസിച്ചതിന്റെ ഫലമായി, മതിയായ പരിശീലനമോ ശരിയായ സുരക്ഷാ ഉപകരണങ്ങളോ ഇല്ലാത്ത വ്യക്തികളും സ്ഥാപനങ്ങളും ഈ മേഖലയിലേക്ക് പ്രവേശിച്ചു. ഇത് അപകടങ്ങൾ വർധിക്കാൻ കാരണമായി. അതിനാൽ ആവശ്യമായ സാങ്കേതിക, പ്രഫഷനൽ, ഗതാഗത ആവശ്യകതകൾ പൂർത്തിയാക്കുന്നതുവരെ പുതിയ ലൈസൻസുകൾ നൽകുന്നത് താൽക്കാലികമായി നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് എം.പിമാർ സൂചിപ്പിച്ചു.
ഡെലിവറി മോട്ടോർ സൈക്കിൾ അപകടങ്ങളെത്തുടർന്നുണ്ടായ മരണങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകളും നിർദേശത്തിൽ എം.പിമാർ അവതരിപ്പിച്ചു. 2023ൽ ഡെലിവറി ബൈക്ക് അപകടങ്ങളിൽ നാല് മരണങ്ങൾ രേഖപ്പെടുത്തി, അതിൽ രണ്ട് കേസുകളിൽ അപകടത്തിന് കാരണം ബൈക്ക് ഓടിച്ചവരായിരുന്നു. എന്നാൽ 2024ൽ മരണസംഖ്യ ഏഴായി വർധിച്ചു.
ലൈസൻസ് നൽകുന്നത് താൽക്കാലികമായി നിർത്തിവെക്കുന്നതുവഴി, നിർബന്ധിത വ്യവസ്ഥകൾ അംഗീകരിക്കുന്നതിന് അധികാരികൾക്ക് സമയം നൽകുകയാണ് ലക്ഷ്യം. ഇത് ഗതാഗതസുരക്ഷയുടെ നിലവാരം ഉയർത്തുന്നതിനും ഡെലിവറി ബൈക്ക് ഓടിക്കുന്നവരിൽനിന്നുള്ള അപകടകരമായ പെരുമാറ്റങ്ങളും നിയമലംഘനങ്ങളും പരിമിതപ്പെടുത്തുന്നതിനും സഹായിക്കുമെന്ന് നിർദേശകർ പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.