ആഭ്യന്തര മന്ത്രാലയത്തിലെ വിവിധ ഡയറക്ടറേറ്റുകൾ സന്ദർശിക്കാനെത്തിയ ഫലസ്തീൻ ആഭ്യന്തര മന്ത്രി സിയാദ് മഹ്‌മൂദ് ഹബ് അൽ റീഹും സംഘവും
മനാമ: ഔദ്യോഗിക സന്ദർശനത്തിനായി ബഹ്റൈനിലെത്തിയ ഫലസ്തീൻ ആഭ്യന്തര മന്ത്രി സിയാദ് മഹ്‌മൂദ് ഹബ് അൽ റീഹ് ആഭ്യന്തര മന്ത്രാലയത്തിലെ വിവിധ ഡയറക്ടറേറ്റുകൾ സന്ദർശിച്ചു. പൊതു സുരക്ഷ മേധാവി ലെഫ്റ്റനന്റ് ജനറൽ താരിഖ് ബിൻ ഹസ്സൻ ആൽ ഹസ്സന്‍റെ സാന്നിധ്യത്തിലായിരുന്നു സന്ദർശനം. റോയൽ പോലീസ് അക്കാദമി, ക്രൈം ഡിറ്റക്ഷൻ ആൻഡ് ഫോറൻസിക് സയൻസ് ജനറൽ ഡയറക്ടറേറ്റ്, അഴിമതി വിരുദ്ധ, സാമ്പത്തിക, ഇലക്ട്രോണിക് സുരക്ഷാ ജനറൽ ഡയറക്ടറേറ്റ് എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്.
റോയൽ പോലീസ് അക്കാദമിയിൽ ഫലസ്തീൻ മന്ത്രിയും ഒപ്പമുണ്ടായിരുന്ന പ്രതിനിധി സംഘവും ആഭ്യന്തര മന്ത്രാലയത്തിന്റെ പേസ് സ്റ്റിക്ക് ഡിവിഷന്റെ അന്താരാഷ്ട്ര നേട്ടങ്ങൾ വിവരിക്കുന്ന ഡോക്യുമെന്ററി കണ്ടു. ഏറ്റവും ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി സുരക്ഷാ ഉദ്യോഗസ്ഥരെ തയ്യാറാക്കുകയും യോഗ്യരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള അക്കാദമിയുടെ അക്കാദമിക്, പരിശീലന പരിപാടികളെക്കുറിച്ച് അദ്ദേഹത്തിന് വിശദീകരിച്ചുകൊടുത്തു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രൈം ഡിറ്റക്ഷൻ ആന്റ് ഫൊറൻസിക് എവിഡൻസ് സന്ദർശിച്ച മന്ത്രിക്ക്കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത് എന്നിവ തടയുന്നതിനുള്ള ഡയറക്ടറേറ്റിന്റെ നടപടികളെക്കുറിച്ച് അധികൃതർ വിശദീകരിച്ചുകൊടുത്തു.
ഡിജിറ്റൽ ഫോറൻസിക്സ്, തെളിവ് വിശകലനം എന്നിവയുൾപ്പെടെ ക്രിമിനൽ അന്വേഷണങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും പുതിയ സാങ്കേതികവിദ്യകളും സംവിധാനങ്ങളും അവതരിപ്പിച്ചു. പരിശീലനത്തിലും വൈദഗ്ദ്ധ്യം കൈമാറുന്നതിലുള്ള സഹകരണ സാധ്യതകളെക്കുറിച്ചും ഈ കൂടിക്കാഴ്ചയിൽ ചർച്ച നടന്നു.
അഴിമതി വിരുദ്ധ, സാമ്പത്തിക, ഇലക്ട്രോണിക് സുരക്ഷാ ജനറൽ ഡയറക്ടറേറ്റ് സന്ദർശിച്ചാണ് മന്ത്രി തന്റെ പര്യടനം പൂർത്തിയാക്കിയത്. അഴിമതി തടയുന്നതിനും സത്യസന്ധതയും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനും ദേശീയ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുന്നതിനുമുള്ള ഡയറക്ടറേറ്റിന്റെ ശ്രമങ്ങളെക്കുറിച്ചും അദ്ദേഹത്തെ ധരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.