പ്രതിനിധി സംഘത്തെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്
വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
മനാമ: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ ഓപറേഷൻ സിന്ദൂറിെൻറ പശ്ചാത്തലത്തിൽ ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യൻ നിലപാട് വിദേശരാജ്യങ്ങളുമായി പങ്കുവെക്കുന്നതിനുള്ള പ്രതിനിധി സംഘം ബഹ്റൈനിലെത്തി. ബി.ജെ.പി എം.പി ബൈജയന്ത് പാണ്ഡയുടെ നേതൃത്വത്തിലുള്ള സംഘത്തെ ബഹ്റൈൻ വിമാനത്താവളത്തിൽ ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് സ്വീകരിച്ചു.
നിഷികാന്ത് ദുബെ (ബി.ജെ.പി), ഫാങ്നോൺ കൊന്യാക് എം.പി (ബി.ജെ.പി), രേഖ ശർമ എം.പി (ബി.ജെ.പി), അസദുദ്ദീൻ ഉവൈസി എം.പി (എ.ഐ.എം.ഐ.എം), സത്നാം സിങ് സന്ധു എം.പി, മുൻ മന്ത്രിയും മുൻ കോൺഗ്രസ് നേതാവുമായ ഗുലാം നബി ആസാദ്, നയതന്ത്ര വിദഗ്ധൻ ഹർഷ് ശ്രിംഗള എന്നിവരാണ് സംഘത്തിലെ മറ്റംഗങ്ങൾ. ബഹ്റൈനിലെ രാഷ്ട്രീയ, ഉദ്യോഗസ്ഥ നേതൃത്വങ്ങളുമായി സംഘം കൂടിക്കാഴ്ചകൾ നടത്തും. എല്ലാ രീതിയിലുമുള്ള ഭീകരതക്കെതിരെ ഇന്ത്യയുടെ സഹിഷ്ണുതയില്ലാത്ത ശക്തമായ സന്ദേശം എത്തിക്കുക എന്നതാണ് പ്രതിനിധി സംഘത്തിന്റെ ലക്ഷ്യമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
നാല് രാജ്യങ്ങളിലേക്ക് നിയോഗിക്കപ്പെട്ട സംഘമാണിത്. ബഹ്റൈൻ സന്ദർശനത്തിന് ശേഷം സംഘം കുവൈത്തിലേക്കും അവിടെനിന്ന്സൗദിയിലേക്കും പോകും. 30ന് സംഘം അൾജീരിയയിലേക്കാണ് പോവുക. ഓരോ രാജ്യത്തും രണ്ട് ദിവസം വീതമാണ് സന്ദർശന പരിപാടി. അതത് രാജ്യങ്ങളിലെ പ്രധാനപ്പെട്ട നേതാക്കളെ കണ്ട് ഇന്ത്യൻ നിലപാട് വിശദീകരിക്കലാണ് ദൗത്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.