ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷം ‘ശ്രാവണം 2024’ തിരുവാതിരക്കളി മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ടീം എസ്.എൻ.സി.എസിന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള സമ്മാനം നൽകുന്നു- സത്യൻ പേരാമ്പ്ര
മനാമ: ബഹ്റൈൻ കേരളീയ സമാജത്തിൽ ഓണാഘോഷങ്ങളുടെ ഭാഗമായുള്ള വർണാഭമായ ഘോഷയാത്ര മത്സരം വെള്ളിയാഴ്ച നടക്കും. വൈകീട്ട് 5.30ന് ഡി.ജെ ഹാളിൽ തുടങ്ങുന്ന മത്സരത്തിൽ ബഹ്റൈനിലെ വിവിധ സംഘടനകൾ, സമാജം ഉപവിഭാഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. സമാജത്തിന് പുറത്തുള്ള സംഘടനകൾ, സമാജം ഉപവിഭാഗങ്ങൾ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്.
നിശ്ചല ദൃശ്യ ഫ്ലോട്ടുകൾ, പ്രച്ഛന്ന വേഷങ്ങൾ, നാടൻ കലാരൂപങ്ങൾ, അനുഷ്ഠാന കലകൾ, വാദ്യമേളങ്ങൾ, ഡിസ്പ്ലേകൾ തുടങ്ങിയവ കൊഴുപ്പേകുന്ന വാശിയേറിയ ഘോഷയാത്രമത്സരം മുൻവർഷങ്ങളിലെപ്പോലെ കാണികൾക്ക് ദൃശ്യ വിരുന്നൊരുക്കും.
മത്സരത്തിൽ പങ്കെടുക്കുന്ന സമാജം ഉപവിഭാഗങ്ങളും മറ്റു സംഘടനകളും അവരുടെ കലാരൂപങ്ങളും ഫ്ലോട്ടുകളും അണിയിച്ചൊരുക്കുന്ന തിരക്കിൽ ഇതിനോടകംതന്നെ തയാറെടുപ്പുകൽ കഴിഞ്ഞു. ഘോഷയാത്ര മത്സരത്തിന്റെ സുഗമമായ നടത്തിപ്പിനായി വിപുലമായ ഒരുക്കങ്ങളാണ് സമാജത്തിൽ നടക്കുന്നത്.
ദേവൻ പാലോട് കൺവീറായും, ബിറ്റോ പാലാമറ്റത്ത്, അനീഷ് ശ്രീധരൻ, അനിത തുളസി എന്നിവർ ജോയന്റ് കൺവീനർമാരായുമുള്ള വിപുലമായ കമ്മിറ്റിയാണ് പരിപാടിക്ക് ചുക്കാൻ പിടിക്കുന്നത്.
ഓരോ വിഭാഗങ്ങളിലെയും മികച്ച ഘോഷയാത്ര, മികച്ച ഫ്ലോട്ട് എന്നീ ഇനങ്ങളിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസുകൾ, മികച്ച ഘോഷയാത്ര തീം, മികച്ച മാവേലി, മികച്ച വേഷം, മികച്ച പെർഫോർമർ എന്നിവക്ക് ട്രോഫികളും നൽകും. കാണികളുടെ വലിയ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ഏവരും നേരത്തേതന്നെ സമാജം ഡി.ജെ ഹാളിൽ പ്രവേശിക്കണമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.