രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, മസ്കത്ത് ഓപ്പറ ഹൗസ് സന്ദർശിച്ചപ്പോൾ
മനാമ: വിവിധ മേഖലകളിൽ സഹകരണങ്ങൾ ഊട്ടിയുറപ്പിച്ചും ബന്ധങ്ങൾ ശക്തിപ്പെടുത്തിയും രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ മടങ്ങി. സന്ദർശനത്തിന്റെ ഭാഗമായി സാംസ്കാരികം, ശാസ്ത്രം, സാമൂഹികം, ആരോഗ്യം, മാധ്യമം, സാമ്പത്തികം, ഭക്ഷ്യസുരക്ഷ, മുനിസിപ്പൽ ജോലി, കാലാവസ്ഥാ ശാസ്ത്രം, മറ്റു മേഖലകൾ എന്നിവ ഉൾക്കൊള്ളുന്ന 25 ധാരണപത്രങ്ങൾ, കരാറുകൾ, എക്സിക്യൂട്ടിവ് പരിപാടികൾ എന്നിവയിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കുകയുണ്ടായി.
സുൽത്താനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ സാഹോദര്യ ബന്ധങ്ങളും, ഇരു ജനതയുടെയും താൽപര്യങ്ങളും അഭിലാഷങ്ങൾ നിറവേറ്റുന്നതിനുമായി വിവിധ മേഖലകളിൽ അവയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങളും ചർച്ച ചെയ്തു.
ഒമാനും ബഹ്റൈനും സംയുക്ത നിക്ഷേപ സംരംഭത്തിന് തുടക്കം കുറിക്കാനും തീരുമാനമായി. സാമ്പത്തിക സഹകരണം വികസിപ്പിക്കുന്നതിനും നിക്ഷേപ പങ്കാളിത്തം വളർത്തുന്നതിനുമുള്ള പ്രതിബദ്ധത ഇരുരാജ്യങ്ങളും ഇറക്കിയ സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ഒമാൻ -ബഹ്റൈൻ നിക്ഷേപ കമ്പനിയുടെ സ്ഥാപനത്തെ സുൽത്താൻ ഹൈതം ബിൻ താരിഖും ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും സ്വാഗതം ചെയ്തു. സാഹോദര്യ രാഷ്ട്രങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി സാമ്പത്തിക, നിക്ഷേപ ചക്രവാളങ്ങൾ വിശാലമാക്കേണ്ടതിന്റെയും പൊതു, സ്വകാര്യ മേഖലകൾക്കിടയിൽ കൂടുതൽ സഹകരണം വളർത്തിയെടുക്കേണ്ടതിന്റെയും ആവശ്യകത ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു.
സന്ദർശന വേളയിൽ പുറത്തിറക്കിയ സംയുക്ത പ്രസ്താവന ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരമായ ബന്ധങ്ങളെയും സാഹോദര്യ ബന്ധത്തെയും എടുത്തുകാണിക്കുന്നതായി.രാഷ്ട്രങ്ങളുടെ പൊതുവായ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന പദ്ധതികൾ നടപ്പാക്കുന്നതിൽ ഒമാനി -ബഹ്റൈനി സംയുക്ത സമിതിയുടെ പങ്കിനെ അവർ പ്രശംസിച്ചു. നിക്ഷേപ അവസരങ്ങളുടെ വൈവിധ്യവത്കരണത്തെ പ്രോത്സാഹിപ്പിക്കുകയും പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി വിവിധ മേഖലകളിലായി കരാറുകളിലും മെമ്മോറാണ്ടകളിലും ഒപ്പുവെച്ചതിനെ അഭിനന്ദിക്കുകയും ചെയ്തു.
പരസ്പര വളർച്ചക്ക് വഴിയൊരുക്കുന്ന സാമ്പത്തിക വികസനം, വ്യാപാരം, നിക്ഷേപ വൈവിധ്യവത്കരണം എന്നിവയാണ് സഹകരണത്തിനായി ലക്ഷ്യമിടുന്ന പ്രധാന മേഖലകൾ. നൂതന പദ്ധതികൾ നയിക്കാനും ഉഭയകക്ഷി ബന്ധം ഉയർത്താനുമുള്ള ഒമാനി-ബഹ്റൈനി നിക്ഷേപ കമ്പനിയുടെ കഴിവിനെക്കുറിച്ച് ഇരു നേതാക്കളും ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
മനാമ: ബഹ്റൈൻ രാജാവിന് സുൽത്താൻ ഹൈതം ബിൻ താരിഖ് ഔദ്യോഗിക അത്താഴവിരുന്നും സംഘടിപ്പിച്ചു. ആലം പാലസ് ഗെസ്റ്റ്ഹൗസിൽ ഒരുക്കിയ അത്താഴ വിരുന്നിൽ രാജകുടുംബത്തിലെ ചില അംഗങ്ങൾ, മന്ത്രിമാർ, സുൽത്താൻ സായുധ സേനയുടെയും റോയൽ ഒമാൻ പൊലീസിന്റെ കമാൻഡർമാർ, അറബ്, സൗഹൃദ രാജ്യങ്ങളുടെ അംബാസഡർമാർ, ഒമാൻ കൗൺസിൽ അംഗങ്ങൾ, അണ്ടർ സെക്രട്ടറിമാർ, വിദേശകാര്യ മന്ത്രാലയത്തിലെ ചില അംബാസഡർമാർ, സി.ഇ.ഒമാർ എന്നിവർ പങ്കെടുത്തു.
ഹമദ് രാജാവ് ബുധനാഴ്ച ഓപ്പറ ഹൗസ് സന്ദർശിച്ചു. റോയൽ ഗാർഡ് ഓഫ് ഒമാൻ മ്യൂസിക്കിനൊപ്പം ജാസ് ബാൻഡ്, ബാഗ്പൈപ്സ്, ഡ്രംസ് ഗ്രൂപ് എന്നിവർ അവതരിപ്പിച്ച സംഗീത പരിപാടി ഹൗസ് അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.