പ്രവാസികളുടെ പേരിൽ നടത്തുന്ന മാമാങ്കത്തിൽ പങ്കെടുക്കില്ല -ഒ.ഐ.സി.സി

മനാമ: സംസ്ഥാന ഭരണത്തിൽനിന്ന് ഒഴിഞ്ഞുപോകാൻ മാസങ്ങൾ മാത്രം ഉള്ളപ്പോൾ പ്രവാസികളുടെ പേരിൽ നടത്തുന്ന മാമാങ്കത്തിൽനിന്ന് എല്ലാ പ്രവാസിസംഘടനകളും പിൻമാറണമെന്ന് ഒ.ഐ.സി.സി അഭ്യർഥിച്ചു. കഴിഞ്ഞ പത്തുവർഷമായി പ്രവാസികൾ നേരിടുന്ന നിരവധി പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെയും, സർക്കാറിന്റെയും മുന്നിൽ അവതരിപ്പിച്ചിട്ടും യാതൊരു പ്രതികരണവും നടത്താതെ, ഭരണത്തിൽ നിന്ന് ഒഴിഞ്ഞുപോകാൻ ദിവസങ്ങൾ മാത്രം ഉള്ളപ്പോൾ സാധാരണക്കാരായ പ്രവാസികളുടെ ഉന്നമനത്തിന് എന്ന പേരിൽ ലക്ഷങ്ങൾ മുടക്കി നടത്തുന്ന മാമാങ്കത്തിൽ പ്രവാസികളുടെ ബുദ്ധിമുട്ട് അറിയുന്ന പൊതു പ്രവർത്തകർ ആരും പങ്കെടുക്കില്ല.

കഴിഞ്ഞ പത്തു വർഷമായി സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി വിവിധ അവസരങ്ങളിൽ നിരവധി വിദേശ രാജ്യങ്ങൾ സന്ദർശിച്ചിരുന്നു. ഈ അവസരങ്ങളിൽ നിരവധി പൊള്ളായായ വാഗ്ദാനങ്ങളും നൽകി. ഇതിൽ ഒന്നും കൃത്യമായ തുടർ പ്രവർത്തനങ്ങൾ നടത്തുവാൻ സർക്കാരിന് സാധിച്ചിട്ടില്ല. ആദ്യ ലോക കേരള സഭ മുതൽ കേരളത്തിലെ പ്രവാസികളുടെ പേരിൽ കോടികൾ മുടക്കി നടത്തുന്ന മീറ്റിങ്ങുകൾ മൂലം പാവപെട്ട പ്രവാസികൾക്ക് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല. കഴിഞ്ഞ അൻപതു വർഷമായി കേരളത്തിന്റെ പട്ടിണി മാറ്റിയത് മിഡിൽ ഈസ്റ്റ്‌ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾ ആണ്. മുൻ പ്രവാസികളുടെ ഗണത്തിൽ പെടുന്നതിനാൽ, ദാരിദ്ര്യരേഖക്ക് മുകളിൽ ആയതിനാൽ സർക്കാരിൽ നിന്ന് ലഭിക്കുന്ന സൗജന്യം പോലും യഥാർത്ഥ ഗുണഭോക്താവിന് ലഭിക്കുന്നില്ല. ആരോഗ്യം നഷ്ടപ്പെട്ട പ്രവാസികളെ പലപ്പോഴും സ്വന്തം വീട്ടുകാർ പോലും കൈ ഒഴിയുമ്പോൾ, സർക്കാർ നോക്കുകുത്തിയായി നിൽക്കുകയാണ്.

ഇങ്ങനെ ബുദ്ധിമുട്ട് അനുഭവിക്കുന്ന മുൻ പ്രവാസികളെ പ്രത്യേകം പദ്ധതികളിൽ കൂടി സംരക്ഷിക്കേണ്ട സർക്കാരുകൾ നോക്കുകുത്തികൾ ആയി മാറുന്ന സമയത്ത് നടത്തുന്ന സമ്മേളനങ്ങൾ സർക്കാരിന്റെ പി ആർ വർക്ക്‌ ന് മാത്രമേ പ്രയോജനപ്പെടു. പ്രവാസി സമ്മേളനത്തിന്റെ പേരിൽ ആർഭാടം നടത്തി സർക്കാരിന്റെ ഇമേജ് കൂട്ടാൻ നോക്കുന്ന നേതാക്കൾ യഥാർത്ഥ പ്രവാസി വിഷയങ്ങളിൽ നിന്ന് വർഷങ്ങളായി ഓടി ഒളിക്കുകയാണ് എന്നും ഒഐസിസി പ്രസിഡന്റ്‌ ഗഫൂർ ഉണ്ണികുളം, വർക്കിങ് പ്രസിഡന്റ്‌ ബോബി പാറയിൽ, ജനറൽ സെക്രട്ടറി മനു മാത്യു എന്നിവർ കുറ്റപ്പെടുത്തി.

Tags:    
News Summary - OICC will not participate in the Mamangam organized in the name of expatriates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.