രാജ്യത്ത് 1,000 ദീനാറിന് മുകളിൽ പെൻഷൻ വാങ്ങുന്നവർ 24,627 കവിഞ്ഞു

മനാമ: ബഹ്‌റൈനിൽ പ്രതിമാസം 1,000 ബഹ്‌റൈനി ദീനാറിന് മുകളിൽ പെൻഷൻ കൈപ്പറ്റുന്ന സ്വദേശികളുടെ എണ്ണം 24,627 കവിഞ്ഞതായി സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ വ്യക്തമാക്കി. പാർലമെന്റ് അംഗം അലി സഖർ അൽ ദോസരിയുടെ ചോദ്യത്തിന് മറുപടിയായി സമർപ്പിച്ച 2025 മൂന്നാം പാദത്തിലെ കണക്കുകളിലാണ് ഈ വിവരങ്ങൾ പ്രതിപാദിച്ചത്.

രാജ്യത്ത് നിലവിൽ പെൻഷൻ ആനുകൂല്യം ലഭിക്കുന്നവരിൽ 4,272 പേർക്ക് 2,000 ദീനാറിന് മുകളിലാണ് പ്രതിമാസ പെൻഷൻ ലഭിക്കുന്നത്. മരണപ്പെട്ട ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളോ ആശ്രിതരോ ആയ 1,128 പേർക്ക് 1,000 ദീനാറിലധികം പെൻഷൻ ലഭിക്കുന്നുണ്ട്. ഇവർക്കായി മാത്രം പ്രതിമാസം 16 ലക്ഷം ദീനാറാണ് സർക്കാർ ചെലവിടുന്നതെന്നും ഓർഗനൈസേഷൻ വ്യക്തമാക്കി. ഇതിലൊരാൾക്ക് 5,000 ദീനാറിന് മുകളിൽ പെൻഷൻ ലഭിക്കുന്നുണ്ട്.

20നും 40നും ഇടയിൽ പ്രായമുള്ള ആശ്രിതരിലും ഉയർന്ന പെൻഷൻ കൈപ്പറ്റുന്നവരുണ്ട്. ഈ പ്രായപരിധിയിലുള്ള 49 പുരുഷന്മാർക്ക് 1,000 ദീനാറിന് മുകളിൽ പെൻഷൻ ലഭിക്കുന്നു. ഇതിൽ ഭൂരിഭാഗം പേരും 1,000-1,999 സ്ലാബിലുള്ളവരാണ്. 20-40 പ്രായപരിധിയിലുള്ള 162 വനിതകൾക്ക് 1,000 ദീനാറിന് മുകളിൽ പെൻഷൻ ലഭിക്കുന്നുണ്ട്. ഇവർക്കായി പ്രതിവർഷം ഏകദേശം 27 ലക്ഷം ദീനാറാണ് ബഹ്റൈൻ സർക്കാർ അനുവദിക്കുന്നത്. സുതാര്യമായ വിവരശേഖരണത്തിലൂടെ പാർലമെന്റിന്റെ മേൽനോട്ട ചുമതലകൾക്ക് കൃത്യമായ പിന്തുണ നൽകുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് എസ്.ഐ.ഒ സൂചിപ്പിച്ചു.

Tags:    
News Summary - number of people receiving pensions above 1,000 dinars in the country has exceeded 24,627

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.