നോർക്ക കെയർ: രജിസ്ട്രേഷൻ ഒക്ടോബർ 31-ന് അവസാനിക്കും

മനാമ: പ്രവാസികള്‍ക്കായി കേരള സർക്കാർ നടപ്പാക്കുന്ന നോർക്ക ആരോ​ഗ്യ, അപകട ഇൻഷുറൻസിൽ അം​ഗമാകാനുള്ള സമയപരിധി ഒക്ടോബർ 31ന് അവസാനിക്കും. 

ഇൻഷുറൻസ് പദ്ധതിയായതിനാൽ രജിസ്ട്രേഷൻ സമയപരിധി കഴിഞ്ഞാൽ പിന്നീട് ഒരു വർഷം കഴിഞ്ഞാലേ പുതിയ രജിസ്ട്രേഷൻ സ്വീകരിക്കുകയുള്ളൂ. പ്രവാസികേരളീയര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും പത്തു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഒരുക്കുന്നതാണ് ‘നോര്‍ക്ക കെയര്‍’.

കേരളത്തിലെ 500 ലധികം ആശുപത്രികളടക്കം രാജ്യത്തെ 16000 ഓളം ആശുപത്രികള്‍ വഴി പ്രവാസികേരളീയര്‍ക്ക് പണ രഹിത ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ നോര്‍ക്ക കെയര്‍ പരിരക്ഷ പ്രവാസി കേരളീയര്‍ക്ക് ലഭ്യമാകും. നോര്‍ക്ക പ്രവാസി തിരിച്ചറിയൽ കാർഡ്, സ്റ്റുഡന്റ് ഐ.ഡി, എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡുളള പ്രവാസികള്‍ക്ക് നോര്‍ക്ക കെയറില്‍ അംഗമാകാം. കഴിഞ്ഞമാസം 22 മുതല്‍ ഈ മാസം 22 വരെരെയായിരുന്നു നോർക്ക കെയർ രജിട്രേഷനായി തീയതി നിശ്ചയിച്ചിരുന്നത്. എന്നാൽ, പലർക്കും രജിസ്റ്റർ ചെയ്യാൻ കഴിയാതിരുന്നതിനെ തുടർന്ന് തീയതി ഈ മാസം 31-ലേക്ക് നീട്ടുകയായിരുന്നു.

പലയിടത്തും പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ പ്രത്യേകം രജിസ്ട്രേഷന്‍ ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു. ഇതുവരെ അര ലക്ഷത്തിലേറെ പേര്‍ രജിസ്റ്റർ ചെയ്തതായാണ് കണക്ക്. ഇവയിൽ ഏറെയും കുടുംബമായുള്ള രജിസ്ട്രേഷനാണ്. അംഗങ്ങളാകുന്നവർക്ക് കേരളപിറവി ദിനമായ നവംബർ ഒന്നുമുതൽ നോർക്ക കെയർ പദ്ധതി പരിരക്ഷ ലഭിക്കും. നോർക്ക കെയർ രജിസ്ട്രേഷന്റെ തീയതി നീട്ടുന്നത് സംബന്ധിച്ച് ഇതുവരെ നോർക്ക അറിയപ്പൊന്നും പ്രസിദ്ധീകരിച്ചിട്ടില്ല.

നോര്‍ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്ബ്സൈറ്റായ www.norkaroots.kerala.gov.in സന്ദര്‍ശിച്ചോ നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പുകള്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യാം. കേരളത്തിൽ 3000 ത്തോളം അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയും നോര്‍ക്ക കെയര്‍ എൻറോൾമെൻറ് സേവനം എന്നിവ ലഭിക്കും.

ഒരു കുടുംബത്തിന് (ഭര്‍ത്താവ്, ഭാര്യ, 25 വയസ്സില്‍ താഴെയുളള രണ്ടു കുട്ടികള്‍) 13,411 പ്രീമിയത്തിൽ (അധികമായി ഒരു കുട്ടി , 25 വയസ്സിൽ താഴെ 4,130) അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണല്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കുന്നതാണ് നോര്‍ക്ക കെയര്‍ പദ്ധതി. വ്യക്തിഗത ഇന്‍ഷുറന്‍സിന് (18–70 വയസ്സ്) 8,101 രൂപയുമാണ്. പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവരിൽ സഹായം ആവശ്യമുള്ളവർക്കായി തിരുവനന്തപുരത്ത് നോർക്ക ആസ്ഥാനത്തു സഹായ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. ഓൺലൈനായി വീഡിയോ കോൺഫെറെൻസിങ്ങ് സംവിധാനത്തിലൂടെ സഹായം ലഭ്യമാക്കും. വൈകീട്ട് മൂന്ന് മുതൽ 3 .45 വരെ ഈ സംവിധാനം പ്രവർത്തിക്കും. നോർക്ക റൂട്സ് വെബ്സൈറ്റ് (https://id.norkaroots.kerala.gov.in/) വഴി വീഡിയോ കാൾ മുഖേനയാണ്‌ പ്രവേശിക്കേണ്ടത്.

അതേസമയം, പ്രവാസി കെയർ പദ്ധതി സംബന്ധിച്ച് പ്രവാസികളിൽനിന്ന് ചില പരാതികളും ഉയർന്നിരുന്നു. നിലവിലെ നിബന്ധനകൾ പ്രകാരം പ്രവാസികളുടെ രക്ഷിതാക്കളെ ഇൻഷുറൻസ് പദ്ധതിയിൽ

ഉൾപ്പെടുത്തിയിട്ടില്ലെന്നതാണ് അവയിൽ പ്രധാനപ്പെട്ട പരാതി. ഒക്ടോബർ 30 എന്ന സമയപരിധി ഒഴിവാക്കി ഏത് സമയത്തും പദ്ധതിയിൽ ചേരാനുള്ള സൗകര്യം അനുവദിക്കണമെന്ന ആവശ്യവുമുയർന്നിരുന്നു. പ്രീമിയം തുക സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്തതാണെന്ന ആക്ഷേപവുമുയർന്നിട്ടുണ്ട്.

Tags:    
News Summary - Norka Care: Registration ends today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.