നിസാൻ പ്രവർത്തന ലാഭത്തിൽ 12.6 ശതമാനം വർധന

മനാമ: നിസാൻ മോട്ടോർ കമ്പനി സെപ്റ്റംബർ 30ന് അവസാനിച്ച ആറ് മാസത്തെ പ്രവർത്തന ഫലം പ്രസിദ്ധീകരിച്ചു. മൊത്ത വരുമാനം 715.3 ബില്യൺ യെൻ വർധിച്ച് 4.66 ട്രില്യൺ യെൻ ആയി. പ്രവർത്തന ലാഭത്തിൽ 12.6 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. പ്രവർത്തന ലാഭം 17.5 ബില്യൺ യെൻ വർധിച്ച് 156.6 ബില്യൺ യെൻ ആയി ഉയർന്നു.

64.5 ബില്യൺ യെൻ ആണ് കമ്പനി കൈവരിച്ച അറ്റാദായമെന്ന് ജപ്പാനിലെ യോക്കോഹാമയിൽ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.പ്രയാസകരമായ ബിസിനസ് സാഹചര്യമായിരുന്നിട്ടും നേട്ടമുണ്ടാക്കാനായതായി കമ്പനി വിലയിരുത്തി. സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയർന്നു. സെമി കണ്ടക്ടർ ലഭ്യതക്കുറവ് കാരണം വിൽപനയിലും മുൻവർഷത്തേക്കാൾ കുറവുണ്ടായി. ചൈനയിലെ ഷാങ്ഹായിൽ കോവിഡുമായി ബന്ധപ്പെട്ട ലോക്ക്ഡൗണുകളുടെ ആഘാതവും നേരിടേണ്ടി വന്നു.

2023 മാർച്ച് 31 വരെയുള്ള 12 മാസ കാലയളവിൽ നിസ്സാൻ വാഹനങ്ങളുടെ വിൽപന മുൻ നിഗമനത്തേക്കാൾ 7.5 ശതമാനം കുറയുമെന്നാണ് കരുതുന്നത്.3.7 ദശലക്ഷം യൂണിറ്റ് വിൽപനയാണ് ഇക്കാലയളവിൽ പ്രതീക്ഷിക്കുന്നത്. സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ സെമികണ്ടക്ടർ വിതരണത്തിൽ തുടർച്ചയായ ക്ഷാമവും അസംസ്കൃത വസ്തുക്കളുടെ വില വർധനയും നേരിടേണ്ടിവരുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. ഈ പ്രതികൂല സാഹചര്യങ്ങൾക്കിടയിലും പുതിയ മോഡലുകൾ അവതരിപ്പിക്കുന്നതിനും വിൽപനയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും കമ്പനി ശ്രദ്ധചെലുത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Nissan Motor Company

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.