ഇവിടെ എല്ലാ വാണിജ്യ സ്ഥാപനങ്ങൾക്കും ബാധകമായതും സാമ്പത്തിക സുതാര്യത വർധിപ്പിക്കുന്നതിനും ഇലക്ട്രോണിക് പേമെന്റ് രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുമായിട്ട് വാണിജ്യ, വ്യവസായമന്ത്രാലയം കഴിഞ്ഞ ഡിസംബറിൽ ഒരു പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. അത് വരുന്ന ജൂൺ 13 ന് നിലവിൽ വരും. ഈ ഉത്തരവ് പ്രകാരം ഇവിടെ പ്രവർത്തിക്കുന്ന ഓരോ വാണിജ്യ സ്ഥാപനവും ( ഇപ്പോൾ ബാങ്ക് അക്കൗണ്ട് ഇല്ലാത്തവ) ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങുകയും ആ സ്ഥാപനത്തിലെ എല്ലാ ബിസിനസ് സംബന്ധമായ പണമിടപാടുകൾക്കും മാത്രമായി ആ അക്കൗണ്ട് ഉപയോഗിക്കുകയും നിലനിർത്തുകയും ചെയ്യണം. പല ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഒരു ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുകയും നിലനിർത്തുകയും ചെയ്യണം. ഇടപാടുകൾ സുഗമമാക്കുന്നതിന് എല്ലാ സ്ഥാപനങ്ങളും ഇലക്ട്രോണിക് പേമെന്റ് സംവിധാനം നൽകണമെന്ന് ഉത്തരവ് വ്യവസ്ഥ ചെയ്യുന്നു.
ഈ ഉത്തരവ് ഇവിടത്തെ വാണിജ്യ രജിസ്ട്രി നിയമത്തിന്റെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ വാണിജ്യ സ്ഥാപനങ്ങൾക്കും ബാധകമാണ്. അതായത് വ്യക്തിഗത സ്ഥാപനങ്ങൾ, കമ്പനികൾ, വിദേശ കമ്പനികളുടെ ശാഖകൾ എന്നിവ ഉൾപ്പെടും. ലിമിറ്റഡ് പാർട്ണർഷിപ് കമ്പനികൾ ഈ ഉത്തരവിന്റെ പരിധിയിൽ വരുകയില്ല.
ഈ ഉത്തരവുകൾ പാലിക്കുന്നില്ലെങ്കിൽ താഴെ പറയുന്ന പിഴകൾ നേരിടേണ്ടി വരും.
1- ആറു മാസം വരെ സി.ആർ താൽക്കാലിമായി നിർത്തി വെക്കും
2- പ്രതിദിന അഡ്മിനിസ്ട്രേറ്റിവ് ഫൈൻ 1000 ദീനാർ ആദ്യതവണയും, തുടർന്ന് മൂന്നുവർഷത്തിനുള്ളിൽ ഉത്തരവ് പാലിക്കാതിരുന്നാൽ പ്രതിദിന ഫൈൻ 2000 ദീനാർ ചുമത്താനും വ്യവസ്ഥയുണ്ട്.
3- ഉത്തരവുകൾ പാലിക്കാത്ത പക്ഷം മൊത്തം പിഴയായി ഒരു ലക്ഷം ദീനാർ വരെ പിഴയോ സി.ആർ റദ്ദു ചെയ്യപ്പെടുകയോ ചെയ്യും.
ചുരുക്കിപ്പറഞ്ഞാൽ സാമ്പത്തിക ഇടപാട് രീതികൾ നവീകരിക്കുന്നതിന് വാണിജ്യ, വ്യവസായ മന്ത്രാലയം നടപ്പാക്കിയ ഒരു സുപ്രധാന ചുവടുവെപ്പാണിത്. ബാങ്ക് അക്കൗണ്ട് നിർബന്ധമാക്കിയും ഇലക്ട്രോണിക് പേമെന്റ് സംവിധാനം പ്രോത്സാഹിപ്പിച്ചും സാമ്പത്തിക ഇടപാടുകളിൽ സുതാര്യതയും കാര്യക്ഷമതയും വർധിപ്പിക്കുക എന്നതാണ് ഈ ഉത്തരവ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.