മനാമ: ബഹ്റൈൻ സിവിൽ സർവിസ് ബ്യൂറോ, ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റിയുമായി സഹകരിച്ച് 'ഗവൺമെന്റ് എംപ്ലോയീ' എന്ന മൊബൈൽ ആപ്ലിക്കേഷനിൽ പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചു. കഴിഞ്ഞ മൂന്നുവർഷത്തെ ജീവനക്കാരുടെ പ്രകടന വിലയിരുത്തൽ വിവരങ്ങൾ വിശദമായി കാണാൻ സഹായിക്കുന്ന പുതിയ ഫീച്ചറാണ് അപ്ഡേറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായി സുതാര്യത വർധിപ്പിക്കാനും ജീവനക്കാരെ പ്രോത്സാഹിപ്പിക്കാനും ആവശ്യമായ വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് ഈ സേവനം ആരംഭിച്ചതെന്ന് ബ്യൂറോ അറിയിച്ചു. ഇനിമുതൽ ജീവനക്കാർക്ക് അവരുടെ വാർഷിക വിലയിരുത്തൽ രേഖകൾ ആപ്പിൽ പരിശോധിച്ച്, വിശദമായ റിപ്പോർട്ടുകൾ പി.ഡി.എഫ് രൂപത്തിൽ ഡൗൺലോഡ് ചെയ്യാനും സാധിക്കും.
പുതിയ ഫീച്ചറിനുപുറമെ, ആപ്ലിക്കേഷനിൽ നിലവിൽ ലഭ്യമായ മറ്റ് സേവനങ്ങളും മെച്ചപ്പെടുത്തിയിട്ടുണ്ട്. ജീവനക്കാരുടെ ഹാജർ വിവരങ്ങൾ, വൈകിയെത്തുന്നതിനോ നേരത്തെ പോകുന്നതിനോ ഉള്ള അനുമതിക്കുള്ള അപേക്ഷകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ജീവനക്കാർക്കും അല്ലാത്തവർക്കും ബന്ധപ്പെട്ട സർക്കാർ അധികാരികൾക്ക് നേരിട്ട് റിപ്പോർട്ടുകൾ സമർപ്പിക്കാൻ കഴിയുന്ന ഒരു അഡ്മിനിസ്ട്രേറ്റീവ് റിപ്പോർട്ടിങ് സേവനവും ലഭ്യമാണ്.
ജീവനക്കാരുടെ ആവശ്യങ്ങൾ പരിഗണിച്ച് കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പുതിയ സേവനങ്ങൾ തെരഞ്ഞെടുത്തതെന്ന് സിവിൽ സർവിസ് ബ്യൂറോ വ്യക്തമാക്കി. ഇത് പേപ്പർ ഉപയോഗം കുറക്കാനും കാര്യക്ഷമത വർധിപ്പിക്കാനും വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കാനും സഹായിക്കും.
ഉപയോക്തൃസൗഹൃദമായ ഇന്റർഫേസും തത്സമയ അറിയിപ്പുകളും വഴി സർക്കാർ സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിലും ജീവനക്കാരുടെ സമയവും പരിശ്രമവും ലാഭിക്കുന്നതിലും 'ഗവൺമെന്റ് എംപ്ലോയീ' ആപ്ലിക്കേഷൻ ഒരു വലിയ മുന്നേറ്റം സൃഷ്ടിക്കുന്നുണ്ടെന്നും ബ്യൂറോ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.