ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗം
മനാമ: ഓൺലൈൻ തട്ടിപ്പുകളും വ്യാജ ഇടപാടുകളും തടഞ്ഞ് ഇ-കൊമേഴ്സിലുള്ള വിശ്വാസം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു ഉപഭോക്തൃ സംരക്ഷണ പദ്ധതി വേണമെന്ന ആവശ്യമുന്നയിച്ച് ഐ.സി.ടി മന്ത്രിതല സമിതി യോഗം. ആഭ്യന്തര മന്ത്രിയും ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി (ഐ.സി.ടി) മന്ത്രിതല സമിതിയുടെ ചെയർമാനുമായ ലഫ്റ്റനന്റ് ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഉന്നത മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു യോഗം.
യോഗത്തിൽ സാങ്കേതികവിദ്യയിലൂടെ നവീകരണത്തിന് നേതൃത്വം നൽകിയ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തെ പ്രശംസിച്ചുകൊണ്ട്, ഡിജിറ്റൽ പരിവർത്തനത്തിലും കാര്യക്ഷമമായ ഇ-ഗവൺമെന്റ് സേവനങ്ങളിലും ബഹ്റൈൻ കൈവരിച്ച ശ്രദ്ധേയമായ പുരോഗതിയെ ആഭ്യന്തര മന്ത്രി എടുത്തു പറഞ്ഞു. ഈ ശ്രമങ്ങൾ ബഹ്റൈനെ ഐക്യരാഷ്ട്രസഭയുടെ ഇ-ഗവൺമെന്റ് ഡെവലപ്മെന്റ് ഇൻഡെക്സിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ആധുനികവത്കരണവും പൊതു സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിലും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ നൽകിയ ശക്തമായ പിന്തുണയെയും അദ്ദേഹം പ്രശംസിച്ചു.വിദേശകാര്യ മന്ത്രി, ഗതാഗത, ടെലികമ്യൂണിക്കേഷൻസ് മന്ത്രി, കാബിനറ്റ് കാര്യ മന്ത്രി, വിദ്യാഭ്യാസ മന്ത്രി, വ്യവസായ, വാണിജ്യ മന്ത്രി, നിയമകാര്യ മന്ത്രി (തൊഴിൽ മന്ത്രിയുടെ ചുമതലയുള്ളയാൾ), ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി സി.ഇ.ഒ, പ്രധാനമന്ത്രിയുടെ ഓഫിസിലെ കോഓഡിനേറ്റർ എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു. ബഹ്റൈന്റെ നയതന്ത്ര മേഖലയിലെ പ്രധാന ഐ.സി.ടി പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ യോഗം ചർച്ച ചെയ്തു.
സമിതിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഡിജിറ്റൽ നിയമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് 2025-ലേക്കുള്ള ഒരു നിയമനിർമാണ തയാറെടുപ്പ്, സർക്കാർ ഏജൻസികൾക്കായുള്ള ഒരു പുതിയ ഏകീകൃത വെബ്സൈറ്റ് ഡിസൈൻ ടെംപ്ലേറ്റിനെക്കുറിച്ചുള്ള അവതരണം തുടങ്ങിയവ യോഗത്തിൽ ചർച്ചയായി. ബഹ്റൈനിലെ പൗരന്മാർക്കും താമസക്കാർക്കും ഡിജിറ്റൽ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സഹകരിച്ചതിനും നിരന്തരമായ പ്രതിബദ്ധതക്കും എല്ലാ സമിതി അംഗങ്ങൾക്കും മന്ത്രി നന്ദി പറഞ്ഞുകൊണ്ടാണ് യോഗം സമാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.