പി. കൃഷ്ണപിള്ള, സി.അച്യുതമേനോൻ അനുസ്മരണം
മനാമ: കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും സമുന്നത നേതാക്കളായിരുന്ന പി. കൃഷ്ണപിള്ള, സി. അച്യുതമേനോൻ അനുസ്മരണം ബഹ്റൈൻ നവകേരള ഇന്ത്യൻ ക്ലബിൽ വെച്ച് നടത്തി.
പി. കൃഷ്ണപിള്ള അനുസ്മരണം മുൻ ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാനും പൊതു പ്രവർത്തകനുമായ ആർ. പവിത്രൻ നിർവഹിച്ചു. അദ്ദേഹത്തിന്റെ നവോത്ഥാന പ്രവർത്തനത്തെ പറ്റിയും രാഷ്ട്രീയ പ്രവർത്തനത്തെ പറ്റിയും പൊതു പ്രവർത്തകർ മാതൃകയാക്കേണ്ട പ്രവർത്തന രീതികളെ പറ്റിയും അനുസ്മരണ പ്രസംഗത്തിൽ എടുത്തുപറയുകയുണ്ടായി.
ബഹ്റൈൻ നവകേരള കോഓഡിനേഷൻ കമ്മിറ്റി അംഗം എസ്.വി. ബഷീർ സി. അച്യുതമേനോൻ അനുസ്മരണം നിർവഹിച്ചു. പൊതു പ്രവർത്തനം, ഭരണം, രാഷ്ട്രീയം, ബൗദ്ധികം, സാഹിത്യം എന്നിങ്ങനെ എല്ലാ മേഖലയിലും കഴിവ് തെളിയിക്കുകയും എന്നാൽ സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിക്കുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹമെന്നും കേരളം ഇന്ന് കാണുന്ന എല്ലാ വികസനത്തിന്റെയും അടിസ്ഥാന ശിൽപിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോഓഡിനേഷൻ സെക്രട്ടറിയും ലോക കേരള സഭാംഗവുമായ ഷാജി മൂതല, പൊതു പ്രവർത്തകരായ ഇ.എ. സലീം, രഞ്ജൻ ജോസഫ്, നവകേരള കോഓഡിനേഷൻ കമ്മിറ്റി അംഗങ്ങൾ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു. ബഹ്റൈൻ നവകേരള പ്രസിഡന്റ് എൻ.കെ. ജയന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി എ.കെ. സുഹൈൽ സ്വാഗതവും കോഓഡിനേഷൻ അസി. സെക്രട്ടറിയും ലോക കേരളസഭ അംഗവുമായ ജേക്കബ് മാത്യു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.