മനാമ: നാഷനൽ ഡേ ആഘോഷത്തിന്റെയും ഹമദ് രാജാവിന്റെ സിംഹാസനാരോഹണത്തിന്റെ വാർഷികാഘോഷത്തിന്റെയും ഭാഗമായി ബഹ്റൈനിൽ ഡിസംബർ ഫെസ്റ്റിവൽ നടക്കും. എല്ലാ പ്രായക്കാർക്കുമായി സാംസ്കാരിക പരിപാടികളും സംഗീത പരിപാടികളുമടക്കം വിപുലമായ ആഘോഷമാണ് ഡിസംബറിൽ നടക്കുക.
സ്പോർട്സ്, ഷോപ്പിങ്, വാട്ടർ അഡ്വഞ്ചറുകൾ അടക്കം പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും അതുല്യമായ അനുഭവങ്ങൾ സൃഷ്ടിക്കുന്ന പരിപാടികളാണ് വരാൻ പോകുന്നത്.
ഡിസംബർ അഞ്ച് മുതൽ 30 വരെ, മുഹറഖ് നൈറ്റ്സ് നടക്കും. യുനെസ്കോ സംരക്ഷിത സ്മാരക പട്ടികയിലുള്ള പേളിങ് പാത്തിൽ നടക്കുന്ന ‘മുഹറഖ് നൈറ്റ്സ്’ കാഴ്ചക്കാർക്ക് അതുല്യമായ അനുഭവം പ്രദാനം ചെയ്യും. ബഹ്റൈനിന്റെ സമ്പന്നമായ ചരിത്രം ആഘോഷിക്കുന്ന സാംസ്കാരികപരിപാടികളും പ്രദർശനങ്ങളുമുണ്ടാകും.
ഡിസംബർ നാലു മുതൽ 15 വരെ ബഹ്റൈൻ ബേയിൽ ലോക വെയ്റ്റ്ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിന് ബഹ്റൈൻ ആതിഥേയത്വം വഹിക്കും. ലോകമെമ്പാടുമുള്ള കായിക താരങ്ങൾ പങ്കെടുക്കും. അന്താരാഷ്ട്ര കായിക ഭൂപടത്തിൽ ഒരിക്കൽകൂടി ബഹ്റൈൻ ഇടംപിടിക്കുകയാണ്.
ഡിസംബർ ഏഴ് മുതൽ എല്ലാ ശനിയാഴ്ചകളിലും അൽ ബുദയ്യ ബൊട്ടാണിക്കൽ ഗാർഡനിൽ ഫാർമേഴ്സ് മാർക്കറ്റ് നടക്കും. പ്രാദേശിക ഉൽപന്നങ്ങൾ വാങ്ങാൻ കുടുംബങ്ങൾക്ക് അസുലഭ അവസരമാണിത്.
പ്രാദേശികവും അന്തർദേശീയവുമായ നിരവധി കലാകാരന്മാരുടെ സംഗീതപരിപാടികൾ ഡിസംബറിൽ നടക്കും. അഞ്ചിന് എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ BUDX സംഗീതപരിപാടി നടക്കും. ഡിസംബർ 10ന് അൽ ദാന ആംഫി തിയറ്ററിൽ എമിനേം കൺസർട്ട് അവതരിപ്പിക്കും.
ഡിസംബർ 15ന് ബഹ്റൈൻ കലാകാരന്മാരായ ഖാലിദ് അൽ ശൈഖ്, ഹിന്ദ്, മുഹമ്മദ് അൽ ബക്രി, സമാവ അൽ ശൈഖ് എന്നിവർ പങ്കെടുക്കുന്ന ‘ബഹ്റൈനി നൈറ്റ്’ നടക്കും. ഡിസംബർ 26ന് മജിദ് അൽ മോഹൻദാസ് അവതരിപ്പിക്കുന്ന കൺസർട്ട്, ഡിസംബർ 28ന് ലയണൽ റിച്ചി അരങ്ങിലെത്തുന്ന പരിപാടി എന്നിവ എക്സിബിഷൻ വേൾഡിൽ നടക്കും.
ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി, ഡിസംബർ 16ന് കരിമരുന്ന് കലാ പ്രകടനങ്ങൾ നടക്കും. പുതുവത്സര രാവ് പ്രമാണിച്ച് ഡിസംബർ 31ന് ബഹ്റൈൻ ബേയിലും കരിമരുന്ന് പരിപാടിയുണ്ട്.
ഡിസംബർ 12 മുതൽ 14 വരെ എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ ബ്രേവ് സി.എഫ് മിക്സഡ് മാർഷൽ ആർട്സ് ഇവന്റ് നടക്കും. ഡിസംബർ ഫെസ്റ്റിവലിൽ ആഡംബര ഹോട്ടലുകൾ പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ബഹ്റൈനിൽനിന്നും വിദേശത്തുനിന്നുമുള്ള സന്ദർശകർക്കായി എക്സ്ക്ലൂസിവ് ഡിസ്കൗണ്ടുകൾ, മികച്ച ഡൈനിങ് അനുഭവങ്ങൾ, ഫാമിലി പാക്കേജുകൾ എന്നിവ ഉൾപ്പെടുന്നു. ഇവന്റുകളുടെയും എക്സ്ക്ലൂസിവ് ഓഫറുകളുടെയും വിശദാംശങ്ങൾ www.Celebrate.bh](http://www.Celebrate.bh) എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.