ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ
മനാമ: ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ടെലിഫോണിൽ സംസാരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധം വിലയിരുത്തിയ നേതാക്കൾ, വിവിധ മേഖലകളിൽ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. ഹമദ് രാജാവിനും ജനങ്ങൾക്കും മോദി ഈദ് ആശംസകൾ നേർന്നു. ബഹ്‌റൈന്‍റെ പുരോഗതിക്കും ഐശ്വര്യത്തിനുമായി അദ്ദേഹം പ്രാർഥിച്ചു.
ബഹ്‌റൈനെതിരെയുള്ള ഇറാനിയൻ ആക്രമണങ്ങളെ പ്രധാനമന്ത്രി ശക്തമായി അപലപിച്ചു. ബഹ്‌റൈന്‍റെ സുരക്ഷക്കും സ്ഥിരതക്കും ഇന്ത്യയുടെ പൂർണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു. പ്രാദേശിക സമാധാനത്തിന് ഭീഷണിയാകുന്ന പ്രവർത്തനങ്ങളെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോള ഊർജ വിതരണത്തിലും വ്യാപാരത്തിലും നിർണായകമായ ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന്‍റെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ സഹകരിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
അന്താരാഷ്ട്ര കപ്പൽ ഗതാഗതം സുരക്ഷിതമാക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളിൽ ബഹ്‌റൈനും പങ്കുചേരുമെന്ന് ഹമദ് രാജാവും വ്യക്തമാക്കി. ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിന് നൽകുന്ന പരിഗണനക്കും പ്രതിസന്ധി ഘട്ടങ്ങളിൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ നൽകിയ സഹായങ്ങൾക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു. ബഹ്‌റൈന്‍റെ വികസനത്തിൽ ഇന്ത്യൻ സമൂഹം നൽകുന്ന സംഭാവനകളെ ഹമദ് രാജാവ് പ്രത്യേകം അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.