മനാമ: യുദ്ധസാഹചര്യത്തെ തുടർന്ന് ഹുർമുസ് കടലിടുക്കിലെ പ്രതിസന്ധിയും കടൽ, വ്യോമ ഗതാഗത മാർഗ്ഗങ്ങൾ തടസ്സപ്പെടുകയും ചെയ്തത് ബഹ്‌റൈന്റെ വ്യാപാര മേഖലയിൽ കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയത്. ഈ മൂന്ന് മാസത്തിനുള്ളിൽ ഏകദേശം 694 ദശലക്ഷം ദിനാറിന്റെ ഇറക്കുമതി കുറവുണ്ടായതായാണ് കണക്കാക്കപ്പെടുന്നത്.
ഏപ്രിൽ, മെയ് മാസങ്ങളിൽ ഷിപ്പിംഗ് പാതകൾ തുറന്നതോടെ വ്യാപാരം വീണ്ടും മെച്ചപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഏപ്രിലിൽ 287.7 ദശലക്ഷം ദിനാറും മെയ് മാസത്തിൽ 373.2 ദശലക്ഷം ദിനാറുമായിരുന്നു ഇറക്കുമതി. മാർച്ചിലെ ഏറ്റവും താഴ്ന്ന നിരക്കിൽ നിന്ന് 69 ശതമാനത്തോളം വർധനവാണ് ഇത്. എന്നിരുന്നാലും, യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് വ്യാപാരം തിരിച്ചെത്തിയിട്ടില്ല. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ശരാശരി ഇറക്കുമതിയുമായി താരതമ്യം ചെയ്യുമ്പോൾ മെയ് മാസത്തെ ഇറക്കുമതി 29 ശതമാനം കുറവാണ്. 2020-ലെ കോവിഡ് മഹാമാരിക്ക് ശേഷം ബഹ്‌റൈൻ നേരിടുന്ന ഏറ്റവും വലിയ വ്യാപാര പ്രതിസന്ധിയാണിത്.
നീണ്ട കടൽപ്പാതകളെ ആശ്രയിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയാണ് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടത്. ചൈനയിൽ നിന്നുള്ള ഇറക്കുമതി 57.4 ശതമാനവും, ആസ്‌ട്രേലിയയിൽ നിന്ന് 81.6 ശതമാനവും, ജപ്പാനിൽ നിന്ന് 69.9 ശതമാനവും, അമേരിക്കയിൽ നിന്ന് 50.9 ശതമാനവും കുറഞ്ഞു. അതേസമയം, സൗദി അറേബ്യയിൽ നിന്നുള്ള ഇറക്കുമതി 18.2 ശതമാനം വർധിച്ചു. റോഡ് മാർഗ്ഗങ്ങളും ഗൾഫ് മേഖലയിലെ ചെറിയ കടൽപ്പാതകളും പ്രയോജനപ്പെടുത്തിയത് സൗദിയിൽ നിന്നുള്ള ചരക്കുനീക്കം സുഗമമാക്കി. ഭാരമേറിയ വസ്തുക്കളുള്ള വ്യവസായ മേഖലയ്ക്കാണ് വലിയ നാശനഷ്ടമുണ്ടായത്. വാഹനങ്ങൾക്കും അനുബന്ധ ഉപകരണങ്ങൾക്കും 72.8 ശതമാനവും, അസംസ്കൃത വസ്തുക്കൾക്കും ലോഹങ്ങൾക്കും 74.9 ശതമാനവും, ധാതു ഇന്ധനങ്ങൾക്കും എണ്ണയ്ക്കും 62.5 ശതമാനവും ഇറക്കുമതി കുറഞ്ഞു. ഇരുമ്പ് അയിര്, അലുമിനിയം ഓക്സൈഡ്, വിമാന എൻജിൻ ഭാഗങ്ങൾ എന്നിവയുടെ ഇറക്കുമതിയിലും വലിയ ഇടിവുണ്ടായി.
അതേസമയം, മരുന്ന്, ആരോഗ്യ പരിപാലന ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയിൽ തടസ്സമുണ്ടായില്ല. ഇവയുടെ ഇറക്കുമതിയിൽ നേരിയ വർദ്ധനവാണ് രേഖപ്പെടുത്തിയത്. പ്രതിസന്ധിഘട്ടങ്ങളിലും അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ സാധിച്ചു എന്നത് ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.