ജിദാഫ് സെൻട്രൽ മാർക്കറ്റിന് പുറത്തുള്ള കച്ചവടങ്ങൾ
മനാമ: ജിദാഫ് സെൻട്രൽ മാർക്കറ്റിന് പുറത്ത് അനധികൃതമായി പൊതുസ്ഥലം കൈയേറി കച്ചവടം ചെയ്യുന്ന വ്യാപാരികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. കച്ചവടം, ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് ചെറു റസ്റ്റാറന്റ്, മാലിന്യം തള്ളൽ എന്നിവ ചെയ്യുന്ന വ്യാപാരികൾക്കെതിരെയാണ് മുന്നറിയിപ്പ്.
മന്ത്രാലയത്തിന്റെ പ്രോപ്പർട്ടി, മാർക്കറ്റ് മാനേജ്മെന്റ് മേധാവി താഹ സൈനലാദ്ദീൻ ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡ് യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. നിയമം ലംഘിക്കുന്ന വ്യാപാരികളോട് സഹകരിക്കാൻ പലതവണ ആവശ്യപ്പെട്ടിട്ടും അവർ തയാറായിരുന്നില്ല. മാർക്കറ്റിനുള്ളിൽ പഴം, പച്ചക്കറി, മാംസം, മത്സ്യം, ഭക്ഷണപദാർഥങ്ങൾ എന്നിവ വിൽക്കുന്ന ലൈസൻസുള്ള കടകളുണ്ടായിട്ടും, കൂടുതൽ ശ്രദ്ധ നേടാനായി പലരും പുറത്താണ് കച്ചവടം നടത്തുന്നത്. കുറഞ്ഞ വാടകക്ക് സ്റ്റാളുകൾ ഒഴിഞ്ഞുകിടക്കുമ്പോഴാണ് ഈ നിയമലംഘനം. ഈ സാഹചര്യം അപകടകരമാണെന്നും, ശക്തമായ നടപടി അനിവാര്യമാണെന്നും അധികൃതർ വ്യക്തമാക്കി.
ഉപഭോക്താക്കൾ മാർക്കറ്റിനുള്ളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പുതന്നെ സാധനങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം കടകൾ പുറത്ത് പ്രവർത്തിക്കുന്നത്. വ്യാപാരികൾക്ക് ഉപജീവനമാർഗം പ്രധാനമാണെങ്കിലും, പൊതുസ്ഥലത്തെയും നിയമത്തെയും ബഹുമാനിക്കേണ്ടതുണ്ട്. നിയമം പാലിക്കാൻ എല്ലാവരും ഉത്തരവാദികളാണെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.