മുനിസിപ്പൽ മാലിന്യ ശേഖരണത്തിൽ വർധന; 2025ൽ ശേഖരിച്ചത് 14.77 ലക്ഷം ടൺ മാലിന്യം

മനാമ: ബഹ്‌റൈനിൽ 2025ൽ മുനിസിപ്പൽ മാലിന്യ ശേഖരണത്തിൽ വർധനവെന്ന് ഔദ്യോഗിക കണക്കുകൾ. മുനിസിപ്പൽ കാര്യ കൃഷി മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2025ൽ രാജ്യത്ത് ആകെ 14.77 ലക്ഷം ടൺ മുനിസിപ്പൽ മാലിന്യമാണ് ശേഖരിച്ചത്. 2024ൽ ഇത് 14.05 ലക്ഷം ടൺ ആയിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് മാലിന്യത്തിൽ 5.15 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

നിർമാണ മാലിന്യങ്ങൾ വർധിച്ചതാണ് മാലിന്യ ശേഖരണത്തിലെ പ്രധാന വർധനവിന് കാരണമായത്. കൂടാതെ ഗാർഹിക മാലിന്യങ്ങൾ, നിർമ്മാണ മേഖല എന്നിവയിൽ നിന്നുള്ള മാലിന്യങ്ങളും വർധിച്ചു. അതേസമയം കൃഷി, മൽസ്യബന്ധന മേഖലകളിൽ നിന്നുള്ള മാലിന്യങ്ങൾ കുറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

മാലിന്യത്തിന്റെ കണക്കുകൾ പരിശോധിക്കുമ്പോൾ, ഏറ്റവും കൂടുതൽ മാലിന്യം ഉത്പാദിപ്പിച്ചത് വീടുകളിൽ നിന്നാണ് - 6.01 ലക്ഷം ടൺ (40.72%). മറ്റ് പ്രധാന ഉറവിടങ്ങളിൽ വിവിധ വാണിജ്യ-സേവന മേഖല (26.79%), നിർമ്മാണ മേഖല (21.42%), കൃഷി-മൽസ്യബന്ധന മേഖല (6.12%), നിർമ്മാണ വ്യവസായങ്ങൾ (4.94%) എന്നിങ്ങനെയാണ് കണക്കുകൾ വരുന്നത്.

ശേഖരിച്ച മാലിന്യത്തിന്റെ 78.54% ലാൻഡ്ഫില്ലുകൾ വഴിയും, 20.86% പുനരുപയോഗം വഴിയും, 0.6% മറ്റ് മാർഗ്ഗങ്ങളിലൂടെയും സംസ്കരിച്ചു. ഗവർണറേറ്റുകളുടെ കണക്കിൽ ഏറ്റവും കൂടുതൽ ഗാർഹിക മാലിന്യം ഉണ്ടായത് ക്യാപിറ്റൽ ഗവർണറേറ്റിലാണ് (37.5%). തൊട്ടുപിന്നിൽ നോർത്ത് ഗവർണറേറ്റും (30.4%), സതേൺ ഗവർണറേറ്റും (16.7%), മുഹറഖ് ഗവർണറേറ്റും (15.4%) സ്ഥാനം പിടിച്ചു. ശേഖരിച്ച മാലിന്യങ്ങളിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത് ജൈവ വസ്തുക്കളാണ് (40.28%). പ്ലാസ്റ്റിക് (21.65%), പേപ്പർ-കാർഡ്ബോർഡ് (9.88%) എന്നിവയാണ് തൊട്ടുപിന്നിലുള്ളത്.

രാജ്യത്തെ 16.03 ലക്ഷം വരുന്ന മുഴുവൻ താമസക്കാരും മുനിസിപ്പൽ മാലിന്യ ശേഖരണ സേവനങ്ങളുടെ പ്രയോജനം നേടുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. കൂടാതെ, 2025 അവസാനത്തോടെ ബഹ്‌റൈനിൽ ആകെ നാല് ലാൻഡ്ഫില്ലുകളും മാലിന്യ സംസ്കരണ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്.

Tags:    
News Summary - Municipal waste collection,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.