കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പി. ഹരീന്ദ്രനാഥിന് നൽകിയ സ്വീകരണത്തിൽനിന്ന്
മനാമ: വൈവിധ്യത്തിൽ അധിഷ്ഠിതമായ ബഹുസ്വരതയാണ് ഇന്ത്യൻ സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും മുഖമുദ്രയെന്ന് പ്രമുഖ ചരിത്രകാരനും വാഗ്മിയും അധ്യാപകനുമായ പി. ഹരീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. ഭാരതത്തിന്റെ തങ്കലിപിതമായ മതേതര പാരമ്പര്യവും മതനിരപേക്ഷതയും ഊട്ടിയുറപ്പിക്കാൻ എല്ലാവർക്കും ബാധ്യത ഉണ്ടെന്നും ആ ബാധ്യത നിലനിർത്താനും പ്രവർത്തിക്കാനും ഓരോ ഇന്ത്യക്കാരനും നിതാന്ത ജാഗ്രത കാണിക്കണമെന്നും ഹരീന്ദ്രനാഥ് പറഞ്ഞു. കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മനാമ ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടന്ന ഗാന്ധിയൻ മതനിരപേക്ഷത എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് അസ്ലം വടകര അധ്യക്ഷനായിരുന്നു. അദ്ദേഹം രചിച്ച മഹാത്മാഗാന്ധി കാലവും കർമപർവവും എന്ന പുസ്തകം കെ.എം.സി.സി സീനിയർ നേതാവ് കുട്ടൂസ മുണ്ടേരിക്ക് ഹരീന്ദ്രൻ മാഷ് സമർപ്പിച്ചു. എല്ലാവരും ഈ പുസ്തകം വായിക്കണമെന്നും എന്തായിരുന്നു മതേതര ഇന്ത്യ എന്ന് മനസ്സിലാക്കണമെന്നും ഉദാഹരണങ്ങൾ നിരത്തി അദ്ദേഹം സമർഥിച്ചു. കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് അസ്ലം വടകര ഹരീന്ദ്രൻ മാഷിന് മെമെന്റോ നൽകി ആദരിച്ചു. കെ.എം.സി.സി ട്രഷറർ കെ.പി മുസ്തഫ അദ്ദേഹത്തെ ഷാൾ അണിയിച്ചു. വേൾഡ് കെഎംസിസി സെക്രട്ടറി അസ്സൈനാർ കളത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, +2 പരീക്ഷയിൽ ഉന്നതവിജയം നേടിയ പ്രവർത്തകരുടെ മക്കൾക്കുള്ള ആദരം ഹരീന്ദ്രൻ മാഷ് സമർപ്പിച്ചു. മഠത്തിൽ അബ്ദുല്ല മാസ്റ്റർ പ്രസംഗിച്ചു.
ആക്ടിങ് ജനറൽ സെക്രട്ടറി അഷ്റഫ് കക്കണ്ടി സ്വാഗതവും ഫൈസൽ കണ്ടിതാഴ നന്ദിയും പറഞ്ഞു. ഭാരവാഹികളായ ഗഫൂർ കൈപ്പമംഗലം, എ.പി. ഫൈസൽ, സഹീർ കാട്ടാമ്പള്ളി, അബ്ദുൽ അസീസ് മർസൂക്, ഫൈസൽ കോട്ടപ്പള്ളി, അഷ്റഫ് കാട്ടിൽപ്പീടിക, നാസർ എസ്.കെ എന്നിവർ നേതൃത്വം നൽകി.
സുരേഷ് മണ്ടോടി, ബാബു കുഞ്ഞിരാമൻ, റഷീദ് മാഹി എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.