??????? ?????? ?????? ???????????????

മന്ത്രിസഭായോഗം:  ആരോഗ്യസേവനം ലഭ്യമാക്കുന്നതിനുള്ള  തടസങ്ങൾ നീക്കണമെന്ന്​ ​നിർദേശം

മനാമ: ആരോഗ്യരംഗത്തെ സേവനം ലഭ്യമാക്കുന്നതിന് തടസമാകുന്ന കാര്യങ്ങളെ ശക്തമായി നേരിടുന്നതിനാവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളണമെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ മന്ത്രിസഭായോഗത്തിൽ നിർദേശിച്ചു. ഇതിനാവശ്യമായ വകുപ്പ്തല നടപടികൾ സ്വീകരിക്കണം. ഒൗദ്യോഗിക ജോലികളിൽ ഏർപ്പെട്ട ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. ഹെൽത്ത് സെൻററുകളിലും ആശുപത്രികളിലും മികച്ച ആരോഗ്യസേവനം ഉറപ്പുവരുത്താൻ ഇത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഫോര്‍മുല വണ്‍ മത്സരം വിജയകരമായി പര്യവസാനിച്ചത് നേട്ടമാണെന്നും  കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം വിലയിരുത്തി. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പേര്‍ ഫോര്‍മുല വണ്‍ മത്സരം കാണാനെത്തിയതായും അറിയിച്ചു. 

അന്താരാഷ്ട്ര തലത്തില്‍ മത്സരം കൂടുതല്‍ ശ്രദ്ധ നേടുകയാണ്. രാജ്യത്തെ സാമ്പത്തിക മേഖലക്ക് ഉണര്‍വ് പകരാന്‍ ഇത് കാരണമാകുമെന്ന് കാബിനറ്റ് അഭിപ്രായപ്പെട്ടു. വിജകരമായി മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ പരിശ്രമം നടത്തിയ വിവിധ അതോറിറ്റികള്‍ക്കും മന്ത്രാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും മന്ത്രിസഭ നന്ദി പ്രകാശിപ്പിച്ചു. സുഡാന്‍ പ്രസിഡൻറ് ഉമറുല്‍ ബശീറിെൻറ ബഹ്‌റൈന്‍ സന്ദര്‍ശനം ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധം ശക്തമാക്കാൻ കാരണമായതായി വിലയിരുത്തി. വിവിധ മേഖലകളില്‍ സഹകരണക്കരാറുകളില്‍ ഒപ്പുവെക്കാൻ സാധിച്ചിട്ടുണ്ട്.  പ്രസിഡൻറ് ഹമദ് രാജാവുമായി നടത്തിയ ചര്‍ച്ചകള്‍ പ്രതീക്ഷയുണര്‍ത്തുന്നതാണ്. ഫിലിപ്പീന്‍സ് പ്രസിഡൻറ് റൊഡ്രിഗോ ദുതേർതെ, ഫലസ്തീന്‍ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് എന്നിവരുടെ ബഹ്‌റൈന്‍ സന്ദര്‍ശനവും മന്ത്രിസഭ ചര്‍ച്ച ചെയ്തു. വിവിധ രാജ്യങ്ങളുമായി ശക്തമായ നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരും.

 വികസന കാഴ്ചപ്പാടിലൂന്നി രാജ്യത്തെ മുന്നോട്ട് നയിക്കുന്നതില്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ മേഖലയുടെയാകെ ശ്രദ്ധ പിടിച്ചുപറ്റിയതായി ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആല്‍ഖലീഫ അഭിപ്രായപ്പെട്ടു. വികസന മേഖലയിലെ നേട്ടത്തിന് അറബ് ലീഗിെൻറ അംഗീകാരത്തിന് ശേഷം ഖുദുസ് ഓപണ്‍ യൂനിവേഴ്‌സിറ്റിയുടെ ഓണററി ഡോക്ടറേറ്റ് പ്രധാനമന്ത്രിയെ തേടിയെത്തിയത് പ്രത്യേക പരാമർശം അർഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മേഖലയിലെ വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തിയതായി പ്രധാനമന്ത്രി അറിയിച്ചു. ബ്രിട്ടനും ബഹ്‌റൈനും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന് കൂടിക്കാഴ്ച ഉപകരിച്ചതായും അദ്ദേഹം പറഞ്ഞു. 
ബഹ്‌റൈന്‍ നീതിന്യായ-ഇസ്‌ലാമിക കാര്യ-ഔഖാഫ് മന്ത്രാലയവും ഇതര ജി.സി.സി രാഷ്ട്രങ്ങളിലെ ഇസ്‌ലാമിക മന്ത്രാലയങ്ങളുമായി സഹകരിക്കുന്നതിനുള്ള കരാറിലൊപ്പുവെക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

അടിസ്ഥാന സൗകര്യ മേഖലയില്‍ നിക്ഷേപ സമാഹരണത്തിനായി ഏഷ്യന്‍ ബാങ്കില്‍ അംഗത്വമെടുക്കാൻ കാബിനറ്റിൽ ധാരണയായി. പരിസ്ഥിതികാര്യ ഹൈകൗണ്‍സിലും അമേരിക്കയുമായി സഹകരിച്ച് പദ്ധതികൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിഷയം മന്ത്രിതല നിയമ സമിതിയുടെ പരിഗണനക്ക് വിട്ടു. ബഹ്‌റൈനും തായ്‌ലൻറും തമ്മിൽ വിവിധ മേഖലകളില്‍ സഹകരിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവെക്കാന്‍ കാബിനറ്റ് അംഗീകാരം നല്‍കി. യുവജനകാര്യം, കായികം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ സഹകരിക്കാനാണ് കരാര്‍. പുനരുപയോഗ ഉൗർജം, വൈദ്യുതി എന്നീ മേഖലകളില്‍ ഈജിപ്തുമായി സഹകരിക്കും.ഇതിനായി കരാറില്‍ ഒപ്പുവെക്കും. വാണിജ്യ-വ്യവസായ^ടൂറിസം മന്ത്രാലയവും മലേഷ്യയിലെ സുപ്രീം ഗ്യാസ് കമ്പനിയുമായി സഹകരിക്കുന്നതിന് അംഗീകാരം നല്‍കി.

ഇതിെൻറ നിയമവശങ്ങള്‍ക്ക് രൂപം നല്‍കാന്‍ മന്ത്രിതല നിയമ സമിതിയെ ചുമതലപ്പെടുത്തി. ആരോഗ്യ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് മുന്നോട്ടു വെച്ച രണ്ട് നിയമ നിര്‍ദേശങ്ങൾ വിശദമായ ചര്‍ച്ചക്കായി പാര്‍ലമെൻറിന് കൈമാറും. മന്ത്രിസഭാ തീരുമാനങ്ങള്‍ ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു. 

News Summary - ministry of bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.