മനാമ: 2025-ലെ മൈക്രോസോഫ്റ്റ് ഷോക്കേസ് സ്കൂൾസ് പ്രോഗ്രാമിൽ ബഹ്റൈന് ഒന്നാംസ്ഥാനം. ലോകമെമ്പാടുമുള്ള സ്കൂളുകളെ പങ്കെടുപ്പിച്ച് മൈക്രോസോഫ്റ്റ് സംഘടിപ്പിക്കുന്ന ഈ പ്രോഗ്രാമിലാണ് ബഹ്‌റൈൻ വിദ്യാഭ്യാസമന്ത്രാലയം ഈ അന്താരാഷ്ട്ര വിജയം സ്വന്തമാക്കിയത്. നേട്ടത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്ക് അഭിനന്ദനങ്ങൾ അറിയിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനും നവീകരണം, സർഗാത്മകത, മികവ് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ബഹ്‌റൈന്റെ അചഞ്ചലമായ പ്രതിബദ്ധതയെയാണ് ഈ അന്താരാഷ്ട്ര അംഗീകാരം പ്രതിഫലിപ്പിക്കുന്നതെന്ന് കിരീടാവകാശി വ്യക്തമാക്കി.
വിദ്യാഭ്യാസത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിനായി ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനുള്ള രാജ്യത്തിന്റെ കൂട്ടായ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. ആധുനിക വിദ്യാഭ്യാസ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിലൂടെ ബഹ്‌റൈനിലെ യുവതലമുറയിൽ നിക്ഷേപം നടത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
സമകാലീന ആവശ്യകതകൾ നിറവേറ്റുന്നതിനും സമഗ്രമായ വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിനും ആവശ്യമായ അറിവും വൈദഗ്ധ്യവും ഉള്ള ഒരു തലമുറയെ വളർത്തിയെടുക്കാൻ ഇത് സഹായിക്കും. ഈ നേട്ടത്തിൽ നിർണായക പങ്ക് വഹിച്ച വിദ്യാഭ്യാസ മന്ത്രാലയത്തെയും രാജ്യത്തെ സമർപ്പിതരായ വിദ്യാഭ്യാസ ജീവനക്കാരെയും അദ്ദേഹം അഭിനന്ദിച്ചു.
ലോകമെമ്പാടുമുള്ള 60 രാജ്യങ്ങളിൽ നിന്നുള്ള 954 സ്കൂളുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ബഹ്‌റൈൻ സ്കൂളുകൾ ഏറ്റവും ഉയർന്ന അന്താരാഷ്ട്ര സ്കോർ നേടുകയും 130 സ്കൂളുകൾക്ക് (125 പൊതുവിദ്യാലയങ്ങളും 5 സ്വകാര്യ വിദ്യാലയങ്ങളും) മൈക്രോസോഫ്റ്റ് ടെക്നോളജി ഇൻകുബേറ്റർ സ്കൂളുകൾ എന്ന പദവി ലഭിക്കുകയും ചെയ്തു. രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ വളർച്ചക്ക് അടിത്തറയിടുന്ന ഒരു സുപ്രധാന നാഴികക്കല്ലാണ് ഇൗ നേട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.