ബോധവത്​കരണത്തിന് മലയാളി കൂട്ടായ്​മയുടെ നേതൃത്വത്തിൽ സംഘടനകൾ യോഗം ചേർന്നു

മനാമ: ബഹ്​റൈനിലെ മലയാളി സമൂഹത്തിൽ ആത്​മഹത്യകൾ വർധിക്കുന്ന സാഹചര്യത്തിൽ ബോധവത്​കരണത്തിനൊരുങ്ങി ബഹ്​റൈൻ മലയാളി കൂട്ടായ്​മ. മനാമയിൽ നടന്ന യോഗത്തിൽ മുപ്പതോളം പ്രവാസി സംഘടനകളുടെ പ്രതിനിധികൾ സംബന്​ധിച്ചു. കുടുംബപ്രശ്​നങ്ങളും സാമ്പത്തിക പ്രശ്​നങ്ങളും മാനസിക സംഘർഷങ്ങളും മലയാളികളെ ജീവനൊടുക്കാൻ പ്രേരിപ്പിക്കുന്നതായി യോഗത്തിൽ സംബന്​ധിച്ചവർ ചൂണ്ടിക്കാട്ടി. കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍നിന്ന് അണുകുടുംബത്തിലേക്കുള്ള പരിണാമം ആത്മഹത്യാപ്രവണതയ്ക്ക് ആക്കംകൂട്ടിയ സാഹചര്യമുണ്ടാക്കിയിട്ടുണ്ട്​.
ഒരു വ്യക്തിയെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതില്‍ സമൂഹവും വ്യക്തമായ പങ്കുവഹിക്കുന്നുണ്ട്.

ജീവിതസാഹചര്യങ്ങളിലെ സങ്കീര്‍ണത വ്യക്തികളുടെ ദൈനംദിന ജീവിതത്തിലുണ്ടാകുന്ന സംഘര്‍ഷങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ഇപ്പോഴത്തെ വ്യാപകമായ ഉപഭോഗ സംസ്‌കാരവും പൊതുജീവിതത്തിലെ മൂല്യച്യുതിയുമാണ് ഇതിനു മുഖ്യകാരണം. അമിത മദ്യപാനം, ഓരോ മേഖലയിലും വര്‍ധിച്ചുവരുന്ന മത്സരം എന്നിവയും ശരാശരി കേരളീയനെ നിസാരപ്രശ്‌നങ്ങളെപ്പോലും നേരിടാന്‍ കഴിയാത്തവരാക്കി ആത്മഹത്യയിലേക്ക് നയിക്കുന്നതായും ​​േയാഗത്തിൽ പ​െങ്കടുത്തവർ പറഞ്ഞു. കുഞ്ഞുങ്ങളോടുള്ള അമിത സ്നേഹം കാരണം അവരുടെ ഏതൊരാവശ്യവും ഉടനടി നിറവേറ്റാന്‍ മാതാപിതാക്കള്‍ നിർബന്ധിതമായിത്തീരുന്നു. ഇത്തരം കുട്ടികള്‍ വലുതാകുമ്പോള്‍ ആശകള്‍ക്ക് ഭംഗം വന്നാല്‍ അക്ഷമരാകുന്നു. ഇതു മൂലം വളരുന്ന തലമുറ ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളെ നേരിടാന്‍ കഴിവില്ലാത്തവരായി മദ്യം, മയക്കുമരുന്ന്, ആത്മഹത്യ എന്നിവയില്‍ അഭയം തേടുന്നു.
ആത്മഹത്യചെയ്യുന്നവരില്‍ ഭൂരിഭാഗവും മനസിലുള്ള ആശയം പ്രത്യക്ഷമായോ പരോക്ഷമായോ നേരത്തേതന്നെ സൂചിപ്പിക്കാറുണ്ട്.
പക്ഷേ, ഈ കാര്യം മറ്റുള്ളവരുടെ ശ്രദ്ധയില്‍പെടാതെ പോകുന്നതോ അത് ലഘുവായി കാണുന്നതോ മൂലം മുന്‍കരുതലുകള്‍ എടുക്കാന്‍ കഴിയാതെപോകുന്നു.
ആത്മഹത്യകള്‍ തടയാനുള്ള പ്രതിവിധികള്‍ വ്യക്തിയും സമൂഹവും ഒരുപോലെ ചെയ്യേണ്ടതുണ്ട്. വരവിനനുസരിച്ച് പണം ചെലവാക്കുക, മദ്യം, മയക്കുമരുന്ന് എന്നിവ ഒഴിവാക്കുക, പ്രശ്‌നങ്ങള്‍ ബന്ധുക്കളോടോ, സുഹൃത്തുക്കളോടോ, വേണ്ടപ്പെട്ടവരോടോ കൂടിയാലോചിച്ച് പരിഹരിക്കുക, മാനസികരോഗങ്ങള്‍ തുടക്കത്തിലേ കണ്ടുപിടിച്ച് ചികിത്സിക്കുക എന്നിവയിലൂടെ ആത്മഹത്യാനിരക്ക് ഒരു പരിധിവരെ കുറയ്ക്കാന്‍ കഴിയും. ആത്മഹത്യചിന്തയുള്ള ആളിന് ഏതു സമയത്തും സഹായത്തിന് സമീപിക്കാവുന്ന ടെലിഫോണ്‍ സംവിധാനം ഏർപ്പെടുത്തിയും കുറച്ചുപേരെ അതില്‍നിന്നും പിന്തിരിപ്പിക്കാന്‍ കഴിയുമെന്നും യോഗം വിലയിരുത്തി കെ.ആർ.നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രദീപ് പുറവങ്കര, സിയാദ് ഏഴംകുളം, എ.സി.എ.ബക്കർ, റഷീദ് മാഹി, ഷജീർ തിരുവനന്തപുരം, അശോകൻ, അഷ്​കർ പൂഴിത്തല, നജീബ് കടലായി എന്നിവർ പ്രസംഗിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഷബീർ മാഹി, മനോജ് വടകര, ഷറഫുദീൻ തൈവളപ്പിൽ, മുജീബ് റഹ്മാൻ, ടി.എം.മോഹനൻ, സി ബിൻ സലീം, അബ്ദുൽ ജലീൽ, ബിജുകുമാർ, ഷാബു ചാലക്കുടി, ഷൈജു, ഉമർ പാനായിക്കുളം, ശ്രീജൻ, ആസാദ് ജെ.പി, മുഹമ്മദ് റഫീഖ്, നിസാർ മാഹി, റിനീഷ് കുമാർ, ഹരിദാസ് കെ, എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.

Tags:    
News Summary - meeting conducted-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.