ബുദയ്യ ഫാർമേഴ്സ് മാർക്കറ്റിൽ തുടങ്ങിയ ബദാം ഫെസ്റ്റിവലിൽനിന്ന്
മനാമ: ബുദയ്യ ബൊട്ടാണിക്കൽ ഗാർഡനിലെ ഫാർമേഴ്സ് മാർക്കറ്റിൽ തുടങ്ങിയ ബദാം ഫെസ്റ്റിവലിന് വമ്പിച്ച പ്രതികരണം. നൂറുകണക്കിനാളുകളാണ് ഫെസ്റ്റിവൽ കാണാനും പല ഇനങ്ങളിലുള്ള ബദാം വാങ്ങാനുമായി ബുദയ്യയിലെത്തിയത്. വൈകീട്ട് നാലു മുതൽ രാത്രി ഒമ്പതു വരെ സന്ദർശകർക്ക് പ്രവേശനമുണ്ട്. ഫെസ്റ്റിവൽ എല്ലാ വർഷവും നടത്താൻ പദ്ധതിയിട്ടതായി അഗ്രികൾച്ചർ അഫയേഴ്സ് ആൻഡ് മറൈൻ റിസോഴ്സ് അണ്ടർ സെക്രട്ടറി ഡോ. ഖാലിദ് അഹമ്മദ് ഹസ്സൻ പറഞ്ഞു.
നാഷനൽ ഇനിഷ്യേറ്റിവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്മെന്റ് (എൻ.ഐ.എ.ഡി), ബഹ്റൈൻ അഗ്രികൾച്ചറൽ കോഓപറേറ്റിവ് സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് കൃഷി മന്ത്രാലയം പരിപാടി സംഘടിപ്പിക്കുന്നത്. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിൽ 15 കർഷകർ ഉൽപന്നങ്ങളുമായി പങ്കെടുക്കും. ഇത് കൂടാതെ മൂന്ന് പ്രോജക്ടുകളും അവതരിപ്പിക്കും. ബദാം വിഭവങ്ങളുമായി നാല് റസ്റ്റാറന്റുകളും ഫെസ്റ്റിവലിൽ പങ്കെടുക്കുന്നുണ്ട്. ബദാം അടിസ്ഥാനമാക്കിയുള്ള ഉൽപന്നങ്ങളും പ്രദർശിപ്പിക്കും.
ബദാം വിത്തുകൾ വിതരണം ചെയ്യാനും കാർഷിക മന്ത്രാലയത്തിന് പദ്ധതിയുണ്ട്. ബദാം കൃഷി പ്രോത്സാഹിപ്പിക്കുക, വിപണി കണ്ടെത്തുക എന്നീ ലക്ഷ്യങ്ങളും ഫെസ്റ്റിവലിനുണ്ട്. പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന പഴങ്ങൾ പ്രദർശിപ്പിക്കുന്നതിനു പുറമെ, ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിന് സംഭാവന ചെയ്യുന്ന വൈദഗ്ധ്യവും അനുഭവങ്ങളും കൈമാറാനുള്ള അവസരവുമൊരുക്കിയിട്ടുണ്ട്. ബദാം ചെടികൾ വളർത്താൻ താൽപര്യമുണ്ടായിരുന്നെങ്കിലും അത് വിപണിയിൽ ലഭ്യമായിരുന്നില്ലെന്ന് കർഷകർ ചൂണ്ടിക്കാട്ടി. കിലോക്ക് ആറ് ദീനാർ എന്ന നിരക്കിലാണ് വിൽപന നടന്നത്.
ആവശ്യക്കാർ ഏറെയുള്ളതുകൊണ്ടാണ് വില ഉയർന്നത്. 2027ഓടെ ഉൽപാദനം വർധിപ്പിക്കാനാണ് പരിപാടി. ഇതോടെ കിലോക്ക് ഒരു ദീനാർ എന്ന നിരക്കിൽ ആവശ്യക്കാർക്ക് ലഭിക്കുമെന്ന് കൃഷി മന്ത്രാലയ ഉദ്യോഗസ്ഥർ പറയുന്നു. ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്ത് 30 മിനിറ്റിനുള്ളിൽതന്നെ സ്റ്റോക്കുണ്ടായിരുന്ന ബദാം വിറ്റഴിഞ്ഞതായി എൻ.ഐ.എ.ഡി സെക്രട്ടറി ജനറൽ ശൈഖ മാരാം ബിൻത് ഈസ ആൽ ഖലീഫ പറഞ്ഞു. പ്രാദേശിക ഉൽപന്നങ്ങൾക്ക് വളരെയധികം ഡിമാന്റുണ്ടെന്നതിന്റെ തെളിവാണിതെന്നും അവർ പറഞ്ഞു. പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന പച്ചക്കറിയുൾപ്പെടെയുള്ള കാർഷിക വിളകൾക്ക് മാർക്കറ്റ് കണ്ടെത്തിനൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ബഹ്റൈൻ ഫാർമേഴ്സ് മാർക്കറ്റ് വൻ വിജയമായതിന്റെ അടിസ്ഥാനത്തിലാണ് ബദാം ഫെസ്റ്റിവൽ സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.