മലയാളം മിഷൻ പ്രവേശനോത്സവം; മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു
മനാമ: ബഹ്‌റൈൻ കേരളീയ സമാജം മലയാളം മിഷൻ പാഠശാലയുടെ പുതിയ അധ്യയന വർഷത്തെ പ്രവേശനോത്സവം മന്ത്രി പി. സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. 'ശ്രാവണം 2026' ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 11-ന് രാവിലെ 11-ന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്ന ചടങ്ങിൽ പ്രവാസി സമൂഹത്തിൽ മലയാള ഭാഷാ പഠനത്തിന്റെയും പ്രചാരണത്തിന്റെയും പ്രാധാന്യം മന്ത്രി ചൂണ്ടിക്കാട്ടി.
സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണൻ പിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതം ആശംസിച്ചു. ബഹ്‌റൈനിലെ മലയാളം മിഷൻ പ്രവർത്തനങ്ങൾ നേരിടുന്ന വിവിധ വിഷയങ്ങളും ആവശ്യങ്ങളും അടങ്ങിയ നിവേദനം മലയാളം മിഷൻ ചാപ്റ്റർ പ്രസിഡന്റ് കൂടിയായ പി. വി. രാധാകൃഷ്ണപിള്ള ചടങ്ങിൽ വച്ച് മന്ത്രിക്ക് സമർപ്പിച്ചു. നിവേദനത്തിലെ ആവശ്യങ്ങൾ പരിശോധിച്ച് ബന്ധപ്പെട്ട തലങ്ങളിൽ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി മറുപടി പ്രസംഗത്തിൽ ഉറപ്പുനൽകി. മലയാളം മിഷൻ ആഗോളതലത്തിൽ സംഘടിപ്പിച്ച 'സുതാഞ്ജലി' മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സമാജം പാഠശാലയിലെ പഠിതാക്കളായ അർജുൻ രാജ്, ഇഷ ആഷിക് എന്നിവരെയും, ഭാഷാ പ്രതിജ്ഞ മത്സരത്തിലെ ആഗോളതല വിജയിയായ അധ്യാപിക പ്രവീണ വിമലിനെയും മന്ത്രി ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
സമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ, മലയാളം മിഷൻ പാഠശാല പ്രിൻസിപ്പൽ ഇൻ-ചാർജ് രജിത അനി, കൺവീനർ സുനേഷ് സാസ്കോ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
‘ഗംഗാതരംഗം’ സംഗീത സന്ധ്യ ശ്രദ്ധേയമായി
മനാമ: ശ്രാവണം 2026ന്റെ ഭാഗമായി സെപ്റ്റംബർ 10ന് വൈകിട്ട് 7 മണിക്ക് സംഘടിപ്പിച്ച ‘ഗംഗാതരംഗം’ വയലിൻ സംഗീതസന്ധ്യ നിറഞ്ഞ സദസ്സിൽ ശ്രദ്ധേയമായി. യുവ വയലിൻ പ്രതിഭ ഗംഗ ശശിധരൻ അവതരിപ്പിച്ച സംഗീതപരിപാടിയിൽ കർണാടക സംഗീതത്തിന്റെ മാധുര്യത്തിനൊപ്പം മലയാളം ഉൾപ്പെടെയുള്ള വിവിധ ഭാഷകളിലെ ജനപ്രിയ ഗാനങ്ങളുടെ മനോഹരമായ അവതരണവും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.