മനാമ: മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിലെ പഠനോത്സവം ഇന്ന് നടക്കും. രാവിലെ 8.30 മുതൽ ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് പഠനോത്സവം. മലയാളം മിഷൻ സർട്ടിഫിക്കറ്റ് കോഴ്സായ കണിക്കൊന്ന, ഡിപ്ലോമ കോഴ്സായ സൂര്യകാന്തി, ഹയർ ഡിേപ്ലാമ കോഴ്സായ ആമ്പൽ എന്നിവയിൽ പഠനം പൂർത്തിയാക്കിയ മുന്നൂറോളം കുട്ടികളാണ് പഠനോത്സവത്തിൽ പങ്കെടുക്കുന്നത്.
പഠനോത്സവത്തോടൊപ്പം സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി കോഴ്സുകളിലേക്ക് നേരിട്ട് പ്രവേശനം സാധ്യമാകുന്ന സമാന്തര പ്രവേശന പരീക്ഷയും നടക്കുമെന്ന് ചാപ്റ്റർ പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ളയും സെക്രട്ടറി ബിജു എം. സതീഷും അറിയിച്ചു. സമാന്തര പ്രവേശന പരീക്ഷയിൽ അമ്പതോളം കുട്ടികളാണ് പങ്കെടുക്കുന്നത്.
മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിനു കീഴിലെ പഠനകേന്ദ്രങ്ങളായ ബഹ്റൈൻ കേരളീയ സമാജം, ബഹ്റൈൻ പ്രതിഭ, ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി, വ്യാസ ഗോകുലം, ഗുരുദേവ സോഷ്യൽ സൊസൈറ്റി, ഫ്രണ്ട്സ് അസോസിയേഷൻ, ദിശ സെന്റർ, പ്രവാസി ഗൈഡൻസ് ഫോറം എന്നിവിടങ്ങളിൽ നിന്നുള്ള പഠിതാക്കളാണ് പഠനോത്സവത്തിനെത്തുന്നത്.
മലയാളം മിഷന്റെ വിദേശ രാജ്യത്തെ ആദ്യ ചാപ്റ്ററും മിഷന്റെ പത്താംതരം തുല്യത കോഴ്സായ നീലക്കുറിഞ്ഞി പൂർത്തിയാക്കി പരീക്ഷ എഴുതി വിജയിച്ച പഠിതാക്കളുള്ള ഏക വിദേശ ചാപ്റ്ററുമായ ബഹ്റൈനിൽനിന്നും പഠനോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പ്രശസ്ത കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട ആശംസകൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.