‘സുകൃതം 2025’നോടനുബന്ധിച്ച് നടത്തിയ വാർത്തസമ്മേളനത്തിൽനിന്ന്
മനാമ: ഗൾഫ് രാജ്യങ്ങളിലെ സീറോ-മലങ്കര കത്തോലിക്ക വിശ്വാസികളുടെ കൂട്ടായ്മയുടെ (സ്മാർട്ട്) നേതൃത്വത്തിലുള്ള മലങ്കര കത്തോലിക്ക സഭ സംഗമത്തിന് തുടക്കം. മൂന്നു ദിവസങ്ങളിലായി വിവിധ പരിപാടികളോടെ വിപുലമായാണ് സംഗമം നടത്തുക. ആദ്യ ദിവസമായ വ്യാഴാഴ്ച പരിപാടിയുടെ ഓപണിങ് സെക്ഷൻ സംഘടിപ്പിച്ചു.
നോർത്തേൺ അറേബ്യയുടെ അപ്പസ്തോലിക് വികാരി അഭിവന്ദ്യ ബിഷപ് ആൽഡോ ബെറാർഡി പിതാവിന്റെയും, സീറോ-മലങ്കര കത്തോലിക്ക സഭയുടെ തലവനും പിതാവുമായ മേജർ ആർച് ബിഷപ് കർദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെയും ശ്രേഷ്ഠ സാന്നിധ്യത്തിൽ അവാലി കത്തീഡ്രൽ ദേവാലയത്തിലാണ് സംഗമം നടത്തപ്പെടുന്നത്.
ഏകദേശം 1500 ഇടവകാംഗങ്ങളും, മറ്റ് ഗൾഫ് രാജ്യങ്ങളിൽനിന്നായി 500ൽ അധികം പ്രതിനിധികളും ഉൾപ്പെടെ, 2000ത്തോളം മലങ്കര കത്തോലിക്ക വിശ്വാസികൾ പങ്കെടുക്കും. വിശിഷ്ട വ്യക്തികളും, വിവിധ മതവിഭാഗങ്ങളിൽനിന്നുള്ള നേതാക്കളും, ക്രൈസ്തവ സഭകളുടെ പ്രതിനിധികളും ഈ ചരിത്രപരമായ ചടങ്ങിൽ അതിഥികളായി പങ്കെടുക്കും.
വെള്ളിയാഴ്ച ഉച്ചക്കു ശേഷം 2.30ന് പിതാക്കന്മാരുടെയും വൈദീകരുടെയും കാർമികത്വത്തിൽ ആഘോഷമായ സമൂഹബലിയും തുടർന്ന് പൊതുസമ്മേളനവും നടത്തപ്പെടും.
ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് മുഖ്യപ്രഭാഷകനാകും. പരിപാടിയിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ചിട്ടുള്ള മലങ്കര കത്തോലിക്ക സമൂഹത്തിലെ അംഗങ്ങളെ അനുമോദിക്കും.
ഈ മഹാസംഗമത്തിന്റെ ഭാഗമാകാൻ ഗൾഫ് മേഖലയിലെ എല്ലാ വിശ്വാസികളെയും സുഹൃത്തുക്കളെയും ഹൃദയം നിറഞ്ഞ് ക്ഷണിക്കുന്നതായി ഫാ. ജേക്കബ് കല്ലുവിള, എബ്രഹാം ജോൺ, ബാബു തങ്ങളത്തിൽ, റോബിൻ എബ്രഹാം, ഷോനു ചാക്കോ, വിൻസന്റ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.