ഐ.സി.എസ് ബഹ്റൈൻ സംഘടിപ്പിച്ച സയ്യിദ് രാമന്തളി തങ്ങൾ അനുസ്മരണം
സലീം മുസ്ലിയാർ കീഴൽ ഉദ്ഘാടനം ചെയ്യുന്നു
മനാമ: വ്യത്യസ്ത സംഘടനകളെയും ആശയങ്ങളെയും മുഖ്യ ശത്രുവായി കാണുന്നതിന് പകരം പിശാചിനെ മുഖ്യശത്രുവായി കാണണമെന്നാണ് ഇസ്ലാം കൽപ്പിക്കുന്നതെന്നും പിശാചിനോട് സമരം ചെയ്ത് വിജയിച്ചവരാണ് ചരിത്രത്തിൽ മായാത്ത മുദ്രകൾ പതിപ്പിച്ചവരെന്നും സയീദ് മുസ്ലിയാർ നരിക്കട്ടെരി പറഞ്ഞു. മുഹറഖ് കെ.എം.സി.സി ഹാളിൽ ചേർന്ന സുൽത്താനുൽ ആരിഫീൻ ശൈഖ് രിഫാഇ (റ), ദീർഘകാലം കേരള സംസ്ഥാന ജംഇയ്യതുൽ ഉലമ സെക്രട്ടറിയായിരുന്ന സയ്യിദ്മുഹമ്മദ് കോയ തങ്ങൾ രാമന്തളി എന്നിവരുടെ അനുസ്മരണസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘടനകൾ തമ്മിലുള്ള വിദ്വേഷവും വിഭാഗീയതയും മതസംഘടനയിൽ വരെ മുഖ്യ വിഷയമായി വരികയും മതപരമായ അറിവ് പകർന്നു നൽകേണ്ട വഴികൾ വിഭാഗീയതക്ക് വഴിമാറുകയും മതപരമായി സാമാന്യ വിവരമുള്ളവർ പോലും വഴിതെറ്റി സഞ്ചരിക്കുകയും ചെയ്യുമ്പോൾ വികൃതമാകുന്നത് ഇസ്ലാമിന്റെ സുന്ദര മുഖമാണ്.
ഒരു മനസ്സിൽ ആയിരം പേർ നടത്തുന്ന ഉപദേശപ്രസംഗത്തെക്കാൾ കൂടുതൽ സ്വാധീനം അകവും പുറവും സൽസ്വഭാവിയായി ജീവിച്ച ഒരാൾക്ക് ആയിരങ്ങളിൽ പരിവർത്തനം ഉണ്ടാക്കാൻ സാഹചര്യം ഒരുക്കും. ഇതാണ് സ്മര്യപുരുഷന്മാരിലൂടെ ചരിത്രം രേഖപ്പെടുത്തിയതെന്നും ഇത് പ്രയോഗവത്കരിക്കാനാകണം സംഘടനകളും വ്യക്തികളും കഠിനാധ്വാനം ചെയ്യേണ്ടതെന്നും യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് എ.പി.സി. അബ്ദുല്ല മൗലവി അധ്യക്ഷത വഹിച്ചു. സലീം മുസ്ലിയാർ കീഴൽ ഉദ്ഘാടനം ചെയ്തു. അബ്ദുറഹിമാൻ മുസ്ലിയാർ പുളിയാവ് പ്രഭാഷണം നിർവഹിച്ചു.
കെ.എം.സി.സി നേതാക്കളായ റഷീദ് തുളിപ്പ്, ഇബ്രാഹിം തിക്കോടി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സിദ്ദീഖ് എൻ.പി നാദാപുരം സ്വാഗതവും അനസ് ഖൈമ നന്ദിയും പറഞ്ഞു. പ്രാർഥനാസംഗമം, അന്നദാനം തുടങ്ങി വിവിധ സെഷനുകളിലായി സയ്യിദ് ജാബിർ അൽ ജിഫിരി കൊടക്കൽ, ജമാൽ മുസ്ലിയാർ, ഇസ്മായിൽ എൻ.പി, യൂസുഫ് പി. ജീലാനി, ഹക്കീം ഇരിവേറ്റി, നിസാർ ചെറുകുന്ന്, സഹദ് ചാലപ്പുറം, മുഹമ്മദ് ചെറുമോത്ത്, മുഹമ്മദ് കണ്ണൂർ, ഷഫീഖ് പുളിയാവ്, സിദ്ദീഖ് നെടിയാണ്ടി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.