?വിൽപത്രം സംബന്ധമായ കേസുകൾ സിവിൽ കോടതിയിലാണോ ശരിഅഃ കോടതിയിലാണോ നൽകേണ്ടത്? എന്തെല്ലാം രേഖകൾ വിൽപത്രത്തോടൊപ്പം നൽകണം? ബഹ്റൈനി അഭിഭാഷകന്റെ ആവശ്യമുണ്ടോ? അതോ നേരിട്ട് കേസ് കൊടുക്കാൻ സാധിക്കുമോ?
രാജീവൻ
• മുസ്ലിംകളുടെ വ്യക്തിനിയമ കാര്യങ്ങൾ മാത്രമാണ് ശരിഅഃ കോടതി പരിഗണിക്കുന്നത്. അമുസ്ലിംകളുടെ (ബഹ്റൈനിയായാലും പ്രവാസിയായാലും) വ്യക്തിപരമായ കാര്യങ്ങൾ പരിഗണിക്കുന്നത് സിവിൽ കോടതിയാണ്. ഇത് ഡിപ്ലോമാറ്റിക് ഏരിയയിലാണ്. വിൽപത്രം സംബന്ധിക്കുന്ന കേസ് നൽകുമ്പോൾ താഴെ പറയുന്ന രേഖകൾ അറബി ഭാഷയിൽ കോടതിയിൽ സമർപ്പിക്കണം.
ഏതെങ്കിലും രേഖകൾ ഇംഗ്ലീഷിലോ മറ്റേതെങ്കിലും ഭാഷയിലോ ആണെങ്കിൽ അത് അറബിയിലേക്ക് പരിഭാഷപ്പെടുത്തി അക്രഡിറ്റഡ് ട്രാൻസലേഷൻ ഓഫിസർ അറ്റസ്റ്റ് ചെയ്ത് സമർപ്പിക്കണം. ഒരു ബഹ്റൈനി അഭിഭാഷകൻ മുഖേന കേസ് നൽകുന്നതാണ് നല്ലത്. ബഹ്റൈന്റെ പുറത്തുനിന്ന് ഏതെങ്കിലും രേഖ ഉണ്ടെങ്കിൽ അത് ഒന്നുകിൽ അപ്പോസ്റ്റിൽ ചെയ്യണം. അല്ലെങ്കിൽ ബഹ്റൈൻ എംബസി അറ്റസ്റ്റ് ചെയ്യണം. സമർപ്പിക്കേണ്ട പ്രധാന രേഖകൾ:
1. വിൽപത്രത്തിന്റെ കോപ്പി
2. മരണ സർട്ടിഫിക്കറ്റ്
3. വിൽപത്രം എഴുതിയ ആളുടെയും അതുപ്രകാരം ആനുകൂല്യം ലഭിക്കുന്ന എല്ലാവരുടെയും പാസ്പോർട്ട്, ഐ.ഡി/സി.പി.ആർ കോപ്പി
4. ബാധകമായ നിയമത്തിന്റെ കോപ്പി. അതായത് ക്രിസ്ത്യൻ ആണെങ്കിൽ ക്രിസ്ത്യൻ നിയമം.
5. ഇവിടെയുള്ള ആസ്തിയുടെയും ബാങ്ക് അക്കൗണ്ടുകളുടെയും എല്ലാ വിവരങ്ങളും. ഈ വിവരങ്ങൾ ഒരു അക്കൗണ്ടിങ് എക്സ്പേർട്ട് സാക്ഷ്യപ്പെടുത്തി സമർപ്പിച്ചാൽ കേസ് വേഗത്തിൽ തീർപ്പാക്കാം. സമർപ്പിച്ചില്ലെങ്കിൽ കോടതി ഇതിനായി ഇടക്കാല ഉത്തരവ് നൽകാറുണ്ട്.
6. ഏതു മതമാണെന്ന് തെളിയിക്കുന്ന രേഖയുണ്ടെങ്കിൽ അതും നൽകണം.
7. വിൽപത്രം പ്രകാരമുള്ള അനന്തരാവകാശികളുടെ/ആനുകൂല്യം ലഭിക്കുന്നവരുടെ വിലാസവും ഇ-മെയിൽ ഐ.ഡി/ടെലിഫോൺ നമ്പർ എന്നിവയും.
8. കേസ് നൽകേണ്ടത് വിൽപത്രത്തിൽ പറഞ്ഞ എക്സിക്യൂട്ടർമാർ എല്ലാവരും കൂടിയാണ്. സാധാരണ ഒന്നിൽ കൂടുതൽ ആളുകളെ എക്സിക്യൂട്ടറായി നിയമിക്കാറുണ്ട്. ഒരാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ പകരം വേറെ ഒരാൾക്ക് എക്സിക്യൂട്ടറുടെ കടമ നിർവഹിക്കാൻ വേണ്ടിയാണിത്.
വേറെ ഏതെങ്കിലും രേഖകൾ കേസ് നടത്തുന്ന അഭിഭാഷകൻ ആവശ്യപ്പെട്ടാൽ അതും നൽകണം. ഓരോ കേസും ഓരോ തരത്തിലായിരിക്കും. അതുകൊണ്ട് എല്ലാ കേസുകൾക്കും ബാധകമായ രേഖകളാണ് മുകളിൽ എഴുതിയത്. മറ്റു രേഖകൾ അതത് കേസിന്റെ അടിസ്ഥാനത്തിലാണ് നൽകേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.