ഫുഡ് ഡെലിവറി ബൈക്കുകൾക്ക് പുതിയ ലൈസൻസ് നൽകുന്നത് താൽക്കാലികമായി നിർത്തണമെന്ന് എം.പിമാർ

മനാമ: രാജ്യത്ത് ഡെലിവറി മോട്ടോർസൈക്കിളുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ, കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നത് വരെ പുതിയ ഡെലിവറി ബൈക്കുകൾക്ക് ലൈസൻസ് നൽകുന്നത് താൽക്കാലികമായി നിർത്തിവെക്കണമെന്ന് ബഹ്റൈൻ എം.പിമാർ ആവശ്യപ്പെട്ടു.

ഡെലിവറി മേഖലയിലെ പെട്ടെന്നുള്ള വളർച്ച റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പാർലമെന്റിൽ ഈ വിഷയം ഉന്നയിച്ചിരിക്കുന്നത്. ഡെലിവറി സേവനങ്ങൾ പൂർണ്ണമായി നിർത്തലാക്കുകയല്ല, മറിച്ച് വ്യക്തവും കർശനവുമായ സുരക്ഷാ നിയമങ്ങൾ വഴി ഈ മേഖലയെ ക്രമപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ബിൽ അവതരിപ്പിച്ച എം.പി മുഹമ്മദ് ജനാഹി വ്യക്തമാക്കി.

എം.പി ഡോ. ഹസൻ ബുഖമ്മസ് അധ്യക്ഷനായ പാർലമെന്റിന്റെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതി ഈ നിർദ്ദേശത്തിന് ഏകകണ്ഠമായി പിന്തുണ നൽകി. ഡെലിവറി ബൈക്ക് ഡ്രൈവർമാർ ഉൾപ്പെടുന്ന അപകട മരണങ്ങളിൽ ആശങ്കാജനകമായ വർദ്ധനവുണ്ടായിട്ടുണ്ടെന്ന് ഡോ. ബുഖമ്മസ് ചൂണ്ടിക്കാട്ടി. ഡ്രൈവർമാർക്ക് ആവശ്യമായ പരിശീലനത്തിന്റെയും സുരക്ഷാ ഉപകരണങ്ങളുടെയും കുറവ് അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഡെലിവറി മേഖലയുടെ നിയന്ത്രണം നിലവിൽ വിവിധ മന്ത്രാലയങ്ങളുടെ കീഴിലായതിനാൽ സംയുക്തമായ നടപടികൾ പുരോഗമിക്കുകയാണ്. ഗതാഗത നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കലും ബോധവൽക്കരണവും തങ്ങളുടെ ചുമതലയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.   

Tags:    
News Summary - MPs Demand Halt To Food Delivery Bikes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.