ശരീരഭാരം കുറയ്ക്കാനുള്ള ‘വെഗോവി’ ഗുളികകൾക്ക് ബഹ്റൈനിൽ അനുമതി നൽകി എൻ.എച്ച്.ആർ.എ
മനാമ : അമിതവണ്ണത്തിനും ശരീരഭാരം കുറയ്ക്കുന്നതിനുമുള്ള മരുന്നായ ‘വെഗോവി’യുടെ ഓറൽ ജി.എൽ.പി-1 ഗുളികകൾക്ക് ബഹ്റൈനിൽ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ) അംഗീകാരം നൽകി. അത്യാധുനിക ചികിത്സാരീതികൾ പ്രവാസികൾക്കും സ്വദേശികൾക്കും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
ഫാർമസ്യൂട്ടിക്കൽ സേവനങ്ങളുടെ നിന്ത്രണ നിയമങ്ങൾ ശക്തമാക്കുന്നതിനും അത്യാധുനിക വൈദ്യശാസ്ത്ര പുരോഗതിക്കൊപ്പം മുന്നേറുന്നതിനുമാണ് എൻ.എച്ച്.ആർ.എ പ്രാധാന്യം നൽകുന്നത്. സെപ്റ്റംബർ പകുതിയോടെ തന്നെ വെഗോവി ഗുളികകൾ ബഹ്റൈൻ വിപണിയിൽ ലഭ്യമായിത്തുടങ്ങിയിരുന്നു. യു.എ.ഇക്ക് ശേഷം ഈ മരുന്ന് ലഭ്യമാക്കുന്ന രണ്ടാമത്തെ ജി.സി.സി രാജ്യവും, ലോകത്തിലെ അഞ്ചാമത്തെ രാജ്യവുമാണ് ബഹ്റൈൻ. നിലവിൽ ബഹ്റൈനിലെ പ്രമുഖ ഫാർമസികളിൽ ഈ ഗുളിക ലഭ്യമാണ്. എങ്കിലും രോഗികളുടെ ആരോഗ്യസ്ഥിതി കൃത്യമായി വിലയിരുത്തി ഡോക്ടറുടെ നിർദ്ദേശപ്രകാരവും ആവശ്യമായ വൈദ്യപരിശോധനകൾക്ക് ശേഷവും മാത്രമേ ഈ മരുന്ന് ഉപയോഗിക്കാൻ പാടുള്ളൂ എന്ന് അതോറിറ്റി വ്യക്തമാക്കി.
അമിതവണ്ണവും അതുമായി ബന്ധപ്പെട്ട വിട്ടുമാറാത്ത രോഗങ്ങളും പ്രതിരോധിക്കുന്നതിനും ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഈ തീരുമാനം ഏറെ സഹായകരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.