മനാമ: ബഹ്റൈൻ ഹൈ ക്രിമിനൽ കോടതി രണ്ട് വ്യത്യസ്ത കേസുകളിലായി 11 പ്രതികൾക്ക് തടവുശിക്ഷ വിധിച്ചു. ഇറാനിയൻ റവല്യൂഷണറി ഗാർഡുമായി (ഐ.ആർ.ജി.സി) ബന്ധം പുലർത്തുകയും ബഹ്റൈന് എതിരെ തീവ്രവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്ത കേസാണിത്.
ഒൻപത് പ്രതികൾക്ക് ജീവപര്യന്തം തടവും ബാക്കി രണ്ട് പേർക്ക് മൂന്ന് വർഷം വീതം തടവുശിക്ഷയുമാണ് കോടതി വിധിച്ചത്. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. തീവ്രവാദ കുറ്റകൃത്യങ്ങൾക്കായുള്ള പ്രൊസിക്യൂഷൻ ചീഫ് ആണ് ഈ വിവരങ്ങൾ മാധ്യമങ്ങളെ അറിയിച്ചത്.
നിലവിൽ ഒളിവിൽ കഴിയുന്ന ഒന്നാം പ്രതി ഇറാനിയൻ റവല്യൂഷണറി ഗാർഡിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ഇയാൾ ബഹ്റൈനിലുള്ള രണ്ടാം പ്രതിയെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുകയും, രാജ്യത്തെ അതീവ സുരക്ഷാ പ്രാധാന്യമുള്ളതും നിയന്ത്രിതവുമായ മേഖലകളുടെ ചിത്രങ്ങൾ പകർത്താനും വിവരങ്ങൾ ശേഖരിക്കാനും ചുമതലപ്പെടുത്തുകയുമായിരുന്നു. ഇതനുസരിച്ച് രണ്ടാം പ്രതി ഹോട്ടൽ മുറികളും അപ്പാർട്ട്മെന്റുകളും വാടകക്കെടുത്ത് പ്രധാന സ്ഥാപനങ്ങളെ നിരീക്ഷിക്കുകയും ഈ വിവരങ്ങൾ കൈമാറുകയും ചെയ്തു.
ഇറാനിൽ ഓഫീസുള്ള, കറൻസി എക്സ്ചേഞ്ച്-ക്രിപ്റ്റോകറൻസി ഇടപാടുകാരനായ മൂന്നാം പ്രതിയാണ് ഈ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായം നൽകിയത്. ഇറാനിയൻ കറൻസി ബഹ്റൈൻ ദിനാറാക്കി മാറ്റി ഇയാൾ സംഘടനാംഗങ്ങൾക്ക് കൈമാറി. നാലും അഞ്ചും പ്രതികൾ, രണ്ടാം പ്രതിയുടെ സഹായികളാണ്.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പ്രതിഭാഗം വക്കീലന്മാരുടെ സാന്നിധ്യത്തിലും ആവശ്യമായ എല്ലാ നിയമപരമായ സുരക്ഷ ഉറപ്പാക്കിയുമാണ് ഹൈ ക്രിമിനൽ കോടതിയിൽ കേസിന്റെ വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.