എന്‍ജിനിയര്‍മാര്‍ ഡിസംബര്‍ 30നകം ലൈസന്‍സ് എടുക്കണമെന്ന് നിര്‍ദേശം 

മനാമ: സര്‍ക്കാര്‍ സമിതിയായ ‘കൗണ്‍സില്‍ ഫോര്‍ റെഗുലേറ്റിങ് ദ പ്രാക്ടീസ് ഓഫ് എന്‍ജിനിയറിങ് പ്രൊഫഷണല്‍സി’ല്‍ (സി.ആര്‍.പി.ഇ.പി) നിന്ന് ലൈസന്‍സ് കൈപറ്റാത്ത പ്രവാസി എന്‍ജിനിയര്‍മാരുടെ വര്‍ക്പെര്‍മിറ്റ് പുതുക്കാന്‍ കാലതാമസം നേരിടുമെന്ന് റിപ്പോര്‍ട്ട്. ഡിസംബര്‍ 31നകം ലൈസന്‍സ് കൈപറ്റേണ്ടി വരും. 
ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി സി.ആര്‍.പി.ഇ.പി ഭാരവാഹികള്‍ കഴിഞ്ഞ ദിവസം എല്‍.എം.ആര്‍.എ ചീഫ് എക്സിക്യൂട്ടിവ് ഉസാമ അല്‍ അബ്സിയുമായി കൂടിക്കാഴ്ച നടത്തി. ലൈസന്‍സ് വിഷയം കൈകാര്യം ചെയ്യുന്നതിനായി സമിതിയും രൂപവത്കരിച്ചിട്ടുണ്ട്. 
ബഹ്റൈനില്‍ സജീവമായ എഞ്ചിനിയര്‍മാരില്‍ ഭൂരിപക്ഷവും പ്രവാസികളാണെന്നും അവര്‍ ഉടന്‍ കൗണ്‍സിലില്‍ നിന്നും ലൈസന്‍സ് കൈപ്പണമെന്നും സി.ആര്‍.പി.ഇ.പി ചെയര്‍മാന്‍ അബ്ദുല്‍ മജീദ് അല്‍ ഖസബ് പ്രാദേശിക പത്രത്തോട് പറഞ്ഞു. 
ഡിസംബര്‍ അവസാനിക്കുന്നതിന് മുമ്പ് ലൈസന്‍സ് കൈപ്പറ്റാത്തപക്ഷം എല്‍.എം.ആര്‍.എയില്‍ നിന്ന് വര്‍ക് പെര്‍മിറ്റ് പുതുക്കുന്നതില്‍ കാലതാമസം നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബഹ്റൈനിലെ എല്ലാ എന്‍ജിനിയര്‍മാരും ലൈസന്‍സോടെയാണ് ജോലിചെയ്യുന്നത് എന്ന കാര്യം ഉറപ്പുവരുത്താനായി എല്‍.എം.ആര്‍.എ-സി.ആര്‍.പി.ഇ.പി അംഗങ്ങള്‍ അടങ്ങുന്ന സമിതിക്കാണ് രൂപം നല്‍കിയത്. 
രാജ്യത്തെ എന്‍ജിനിയര്‍മാരുടെ പ്രവര്‍ത്തനം ക്രമീകരിക്കുന്നതിനായി 2014ല്‍ പുതിയ നിയമം കൊണ്ടുവന്നിരുന്നു. ഈ വര്‍ഷം ജൂണിലാണ് സി.ആര്‍.പി.ഇ.പി എന്‍ജിനിയര്‍മാര്‍ ലൈസന്‍സിന് അപേക്ഷിക്കണമെന്ന് കാണിച്ച് സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും അറിയിപ്പ് നല്‍കിയത്. സെപ്റ്റംബര്‍ അവസാനത്തോടെ ലൈസന്‍സ് എടുക്കണമെന്നായിരുന്നു ആദ്യ അറിയിപ്പിലുണ്ടായിരുന്നത്. 
പൊതുമേഖലയിലെ സ്വദേശികളും വിദേശികളുമായ എന്‍ജിനിയര്‍മാരുടെ ലൈസന്‍സ്, അവര്‍ വിരമിക്കുകയോ രാജിവെക്കുകയോ സ്വകാര്യമേഖലയിലേക്ക് മാറുകയോ ചെയ്യുവോളം നിലനില്‍ക്കും. 
എന്നാല്‍, സ്വകാര്യമേഖലയിലുള്ളവരുടെ ലൈസന്‍സ് കാലാവധി ഒരു വര്‍ഷമാണ്. ഇത് പുതുക്കാന്‍ സാധിക്കും. 
ബഹ്റൈനികള്‍ക്ക് ലൈസന്‍സ് ലഭിക്കാന്‍ എന്‍ജിനിയറിങില്‍ ബാച്ചിലര്‍ ബിരുദമോ തത്തുല്യ യോഗ്യതയോ വേണം. ഇവര്‍ ഏതെങ്കിലും കുറ്റകൃത്യത്തില്‍ ശിക്ഷിക്കപ്പെട്ടവരാകാന്‍ പാടില്ല. മറ്റുജോലികള്‍ ചെയ്യുന്നവരും ആകരുത്. ഇതേ നിയമം പ്രവാസികള്‍ക്കും ബാധകമാണ്. എന്നാല്‍ പ്രവാസി എന്‍ജിനിയര്‍മാര്‍ക്ക് ലൈസന്‍സ് ലഭിക്കണമെങ്കില്‍ ബിരുദം ലഭിച്ച ശേഷം അഞ്ചുവര്‍ഷം തൊഴില്‍ പരിചയവും ഉണ്ടായിരിക്കണം. 
മറ്റ് തൊഴില്‍മേഖലകളില്‍ ജോലി ചെയ്യുന്ന എന്‍ജിനിറിങ് ബിരുദധാരികള്‍ ലൈസന്‍സ് നേടേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ www.crpep.bh എന്ന വിലാസത്തില്‍ ലഭിക്കും. 
 

Tags:    
News Summary - Licence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.