ഈത്തപ്പഴ മേളയിൽനിന്ന്
മനാമ: ബഹ്റൈനിലെ ഏഴാമത് ഈത്തപ്പഴ മേള ആലിയിലെ ഫാർമേസ് മാർക്കറ്റിൽ തുടരുന്നു. പ്രാദേശിക കർഷകരുടെയും കരകൗശല വിദഗ്ധരുടെയും സംരംഭകരുടെയും പങ്കാളിത്തത്തോടെയുള്ള മേളയിൽ നൂറിലധികം ഈന്തപ്പഴ ഇനങ്ങൾ, പരമ്പരാഗത കരകൗശല വസ്തുക്കൾ, ബഹ്‌റൈൻ ഉൽപ്പന്നങ്ങൾ എന്നിവ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇന്ന് അവസാനിക്കുന്ന മേളയിൽ മൂന്ന് ദിവസത്തെ മേളയിലൂടെ ബഹ്‌റൈന്റെ ഈന്തപ്പഴ വിളവെടുപ്പ് നേരിട്ട് കാണാനും തദ്ദേശീയ ഉൽപ്പന്നങ്ങൾ വാങ്ങാനും സന്ദർശകർക്ക് അവസരമുണ്ട്. രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ച് വരെയാണ് മേള നടക്കുക.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം വിളവെടുപ്പ് കുറവാണെങ്കിലും ഈന്തപ്പഴ വിലയിൽ വർദ്ധനവില്ലെന്നും വില സ്ഥിരതയോടെ തുടരുന്നുവെന്നും കർഷകർ വ്യക്തമാക്കുന്നു. മേളയുടെ ആദ്യ ദിവസം മുതൽ തന്നെ പൊതുജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
രാജ്യത്തെ കാർഷിക മേഖലയുടെ വികസനത്തിനായി പ്രവർത്തിക്കുന്ന നാഷണൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രിക്കൽചറൽ ഡെവലപ്‌മെന്റിന്റെ കൺസൾറ്റേറ്റീവ് കൗൺസിൽ ചെയർപേഴ്സണും രാജാവിന്റെ പത്നിയുമായ പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫയുടെ നിർദ്ദേശപ്രകാരമാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. ബഹ്‌റൈന്റെ കാർഷിക പൈതൃകത്തിന്റെ പ്രതികമായ ഈന്തപ്പനയുടെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കുന്നതിലും മേള നിർണായക പങ്കുവഹിക്കുന്നുണ്ട്.
തദ്ദേശീയമായ ഈന്തപ്പഴ പൈതൃകം വിളിച്ചോതുന്ന ബാസ്‌കറ്റ് നിർമ്മാണം, മൺപാത്ര നിർമ്മാണം തുടങ്ങിയ പരമ്പരാഗത കരകൗശല വസ്തുക്കളുടെ പ്രദർശനവും മേളയുടെ പ്രധാന ആകർഷണമാണ്. ഈന്തപ്പനയോലകൾ കൊണ്ടുണ്ടാക്കിയ കയറുകൾ, ഫർണിച്ചറുകൾ, മീൻപിടിത്ത ഉപകരണങ്ങൾ എന്നിവയും പ്രശസ്തമായ മൺപാത്രങ്ങളും മേളയിൽ ലഭ്യമാണ്. ഖലാസ്, ഖുനൈസി, ബർഹി, ഗുർറ തുടങ്ങിയ നൂറിലധികം ഇനം ഈന്തപ്പഴങ്ങളാണ് ബഹ്‌റൈനിലുള്ളത്. ആയിരക്കണക്കിന് വർഷങ്ങളായി ബഹ്‌റൈന്റെ കാർഷിക പൈതൃകത്തിന്റെ ഭാഗമായ ഈന്തപ്പനകൾ സംരക്ഷിക്കുന്നതിനും പ്രാദേശിക കർഷകരെ പിന്തുണയ്ക്കുന്നതിനുമായാണ് എല്ലാ വർഷവും ഈ മേള സംഘടിപ്പിച്ചു വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.