കെ. മുഹമ്മദ് ബഷീർ

നാല് പതിറ്റാണ്ടിന്റെ പ്രവാസ ജീവിതത്തിന് വിരാമം; കുവൈത്ത് പള്ളിയിലെ പ്രിയപ്പെട്ട മൗലവി, മുഹമ്മദ് ബഷീർ നാടണയുന്നു

മനാമ: പ്രവാസികളുടെയും പ്രത്യേകിച്ച് മലയാളികളുടെയും പ്രധാന സംഗമകേന്ദ്രമായ കുവൈത്ത് പള്ളിയിലെ പ്രിയപ്പെട്ട മൗലവി കെ. മുഹമ്മദ് ബഷീർ പ്രവാസ ജീവിതത്തോട് വിടപറയുന്നു. കഴിഞ്ഞ 43 വർഷത്തെ ബഹ്‌റൈനിലെ ദീനീ സേവനത്തിന് വിരാമമിട്ട് ഇടുക്കി തൊടുപുഴ സ്വദേശിയായ അദ്ദേഹം നാടിലേക്ക് മടങ്ങുകയാണ്.

പ്രവാസത്തിന്റെ പ്രതീക്ഷകളുമായി 1983-ൽ ഒരു കമ്പനി വിസയിലാണ് മൗലവി ബഹ്‌റൈനിലെത്തിയത്. അഞ്ച് മാസത്തോളം ആ കമ്പനിയിൽ ജോലി ചെയ്ത ശേഷം അദ്ദേഹത്തിന്റെ ജീവിതാഭിലാഷമായ വഴിയിലേക്കുള്ള അവസരങ്ങളെത്തി. നാട്ടിൽ മദ്റസ അധ്യാപകനായിരുന്ന അദ്ദേഹം ഇരുപത്തിനാലാം വയസ്സിലാണ് ജോലി തേടി പവിഴദ്വീപിലെത്തിയത്. റഫയിലെ ബുഖ്‌വാറയിലായിരുന്നു താമസം. ജോലി കഴിഞ്ഞ് മലയാളികളെല്ലാം ഒത്തുകൂടുന്ന അന്നത്തെ വൈകുന്നേരങ്ങൾ വലിയൊരു ആശ്വാസമായിരുന്നുവെന്ന് അദ്ദേഹം ഓർക്കുന്നു.

അക്കാലത്ത് കുവൈത്ത് പള്ളിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയായിരുന്നു. അവിടെ ബാങ്ക് വിളിച്ചിരുന്ന മലപ്പുറം സ്വദേശിയായ സൈതലവി വഴിയാണ് ക്ലീനിങ് ജോലിക്കായി മൗലവി പള്ളിയിലെത്തുന്നത്. 1983 ജൂണിൽ പള്ളിയുടെ ഉദ്ഘാടനത്തോടൊപ്പം അദ്ദേഹത്തിന്റെ പുതിയ ജോലിയും ആരംഭിച്ചു. ഒരു കുവൈത്തി പൗരൻ നിർമ്മിച്ച ‘മസ്ജിദ് നുസ്ഹ്’ എന്ന കുവൈത്ത് പള്ളിയുമായി പെട്ടന്ന് തന്നെ മൗലവി പൊരുത്തപ്പെട്ടു. മൂന്ന് വർഷത്തിനുള്ളിൽ പഴയ ബാങ്ക് വിളിക്കാരന് പകരക്കാരനായി ഇമാമായും ബാങ്ക് വിളിക്കാരനായും അദ്ദേഹം ചുമതലയേറ്റു. പിന്നീടിങ്ങോ ട്ട് നാല് പതിറ്റാണ്ടോളം കുവൈത്ത് പള്ളിയുടെ ശബ്ദമായി ബഷീർ മൗലവി മാറി. പള്ളിയുടെ തുടക്കകാലത്ത് ആ പരിസരത്ത് കാര്യമായ വികസനങ്ങളോ മറ്റോ ഉണ്ടായിരുന്നില്ല. പിന്നീടിങ്ങോട്ട് ആ പ്രദേശം കൈവരിച്ച ഇന്നത്തെ വളർച്ചയ്ക്ക് മുഴുവൻ ബഷീർ മൗലവിയും സാക്ഷിയായിട്ടുണ്ട്.

താൻ വന്നിറങ്ങിയ കാലത്തെ ബഹ്‌റൈനും തുടർന്ന് ഇന്നത്തെ രീതിയിലേക്ക് രാജ്യം വളർന്നതും അദ്ദേഹം കൗതുകത്തോടെ ഓർത്തെടുക്കുന്നു. കഴിഞ്ഞ 13 വർഷമായി കുടുംബത്തോടൊപ്പമാണ് ബഷീർ മൗലവി ബഹ്‌റൈനിൽ താമസിക്കുന്നത്. ഭാര്യ റംലയും മക്കളായ മഷാർ ബഷീർ, അബ്ദുൽ ബാസിത്ത്, അനീസ എന്നിവരടങ്ങുന്നതാണ് കുടുംബം. ആൺമക്കളിൽ രണ്ടാമനായ ബാസിത്ത് നിലവിൽ ബഹ്‌റൈനിൽ തന്നെ ജോലി ചെയ്യുന്നുണ്ട്.

പ്രവാസത്തിന് ശേഷം നാട്ടിൽ വെറുതെ വിശ്രമിക്കാനുള്ള ഒരുക്കത്തിലല്ല ബഷീർ മൗലവി. മറിച്ച്, തനിക്കിഷ്ടപ്പെട്ട ജോലിയായ മദ്റസ അധ്യാപന രംഗത്ത് തന്നെ സജീവമായി തുടരണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം.

Tags:    
News Summary - Kuwait mosque's beloved cleric, Muhammad Basheer, leaves the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.