കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽനിന്ന്

ഭാഷാ സമര അനുസ്മരണവും സൗജന്യ മെഡിക്കൽ ക്യാമ്പും

മനാമ: കെ.എം.സി.സി ബഹ്റൈൻ മലപ്പുറം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭാഷാ സമര അനുസ്മരണ സമ്മേളനം ജൂലൈ 31 വെള്ളിയാഴ്ച വൈകുന്നേരം 7.30ന് മനാമയിലെ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടക്കും. 1980ൽ മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ കലക്ടറേറ്റുകൾക്ക് മുന്നിൽ നടന്ന ഭാഷാ സമരത്തിന്റെ ഭാഗമായി മലപ്പുറം കലക്ടറേറ്റിന് മുന്നിൽ സമാധാനപരമായി പ്രതിഷേധിച്ച പ്രവർത്തകർക്കുനേരെ നടന്ന പോലീസ് വെടിവെപ്പിൽ മജീദ്, റഹ്മാൻ, കുഞ്ഞിപ്പ എന്നിവർ രക്തസാക്ഷികളായിരുന്നു. ഭാഷാ സമരത്തിന്റെ ചരിത്രവും ത്യാഗസ്മരണകളും പുതുതലമുറയ്ക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നത്. സമ്മേളനത്തിൽ മലപ്പുറം ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റും ജില്ല പഞ്ചായത്ത് അംഗവുമായ ശരീഫ് കുറ്റൂർ മുഖ്യാതിഥിയായി പങ്കെടുക്കും. സ്ത്രീകൾക്കായി പ്രത്യേക ഇരിപ്പിട സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു.

പരിപാടിയുടെ പ്രചരണാർഥം ജൂലൈ 24 വെള്ളിയാഴ്ച രാവിലെ 7.00 മണി മുതൽ 11 മണി വരെ മനാമയിലെ ശിഫ അൽ ജസീറ ഹോസ്പിറ്റലിൽ സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കും. ക്യാമ്പിൽ ഏഴ് പരിശോധനകൾ പൂർണമായും സൗജന്യമായി നടത്തും. കൂടാതെ അന്നേദിവസം എല്ലാ ലാബ് പരിശോധനകൾക്കും 50 ശതമാനം ഇളവും ലഭ്യമാക്കും. മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.

വാർത്ത സമ്മേളനത്തിൽ കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന സെക്രട്ടറി അഷ്‌റഫ്‌ കാട്ടിൽപീടിക, മലപ്പുറം ജില്ല പ്രസിഡന്റ് ഇഖ്ബാൽ താനൂർ, ജില്ല ഓർഗനൈസിങ് സെക്രട്ടറി വി.കെ റിയാസ്, വൈസ് പ്രസിഡന്‍റ് ഉമ്മർ കൂട്ടിലങ്ങാടി, ജോയിൻ സെക്രട്ടറിമാരായ മുജീബ് ആഡ്‌വെൽ, ശിഹാബ് പൊന്നാനി, ഷിഫ അൽ ജസീറ ഹോസ്പിറ്റൽ പ്രതിനിധികളായ സുൽഫിക്കർ കബീർ, അനസ്, നസീർ, പരിപാടിയുടെ മീഡിയ കൺവീനർ ശിഹാബ് ചാപ്പനങ്ങാടി എന്നിവർ പങ്കെടുത്തു. രജിസ്ട്രേഷനായി: 33495982, 33165242. എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. 

Tags:    
News Summary - Language Struggle Commemoration and Free Medical Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.